ബഹ്‌റൈനിൽ അനധികൃത താമസം: 57 പ്രവാസി തൊഴിലാളികളെ നാടുകടത്തി; എൽ.എം.ആർ.എ പരിശോധന ശക്തമാക്കി
ബഹ്‌റൈനിൽ അനധികൃതമായി തങ്ങിയിരുന്ന 57 പ്രവാസി തൊഴിലാളികളെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ.) നാടുകടത്തി. രാജ്യത്തെ തൊഴിൽ നിയമങ്ങളുടെയും താമസ നിയമങ്ങളുടെയും ലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 2025 നവംബർ 30 മുതൽ ഡിസംബർ ആറ് വരെയുള്ള ഒരാഴ്ചക്കാലയളവിൽ എൽ.എം.ആർ.എ. 1352 പരിശോധനാ കാമ്പയിനുകളും സന്ദർശനങ്ങളും നടത്തി. ഇതിന്റെ ഫലമായി 25 നിയമലംഘകരായ തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ പിടിക്കപ്പെട്ട 57 പേരെയാണ് നാടുകടത്തിയത്.
തൊഴിൽ വിപണി റെഗുലേറ്ററി അതോറിറ്റി നിയമം, ബഹ്‌റൈനിലെ താമസ നിയമങ്ങൾ തുടങ്ങിയ നിയന്ത്രണങ്ങൾ ലംഘിച്ചതായി പരിശോധനയിൽ കണ്ടെത്തി. കണ്ടെത്തിയ നിയമലംഘനങ്ങൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായി അതോറിറ്റി അറിയിച്ചു. എൻ.പി.ആർ.എ., പോലീസ് ഡയറക്ടറേറ്റ്, ക്രൈം ഡിറ്റക്ഷൻ വിഭാഗം എന്നിവ കൂടാതെ വ്യവസായ വാണിജ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രാലയം, ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി, സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ തുടങ്ങിയ സർക്കാർ ഏജൻസികളും ഈ പരിശോധനാ കാമ്പയിനുകളിൽ പങ്കെടുത്തു.
തൊഴിൽ വിപണിയുടെ സുസ്ഥിരതയെയും രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക സുരക്ഷയെയും ദോഷകരമായി ബാധിക്കുന്ന നിയമലംഘനങ്ങളെ നേരിടാൻ എല്ലാ ഗവർണറേറ്റുകളിലും സംയുക്ത പരിശോധനകൾ ശക്തമായി തുടരുമെന്ന് അതോറിറ്റി ഉറപ്പുനൽകി. അനധികൃത തൊഴിൽ സമ്പ്രദായങ്ങൾക്കെതിരായ സർക്കാർ ഏജൻസികളുടെ ശ്രമങ്ങൾക്ക് പൊതുജനങ്ങൾ പിന്തുണ നൽകണമെന്നും എൽ.എം.ആർ.എ. അഭ്യർഥിച്ചു.