ദുബായിൽ 726 അത്യാധുനിക ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സജ്ജമായി

 

നഗരത്തിലെ പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 726 പുതിയ അത്യാധുനിക ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ജനസാന്ദ്രതയേറിയ പ്രദേശങ്ങളെയും ഭാവിയിൽ ബസ് സർവീസുകൾ വിപുലീകരിക്കാൻ സാധ്യതയുള്ള ഇടങ്ങളെയും കേന്ദ്രീകരിച്ചാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. പ്രതിവർഷം 19.2 കോടി യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ കേന്ദ്രങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

യാത്രക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ കാത്തിരിപ്പ് കേന്ദ്രങ്ങളെ ഏഴ് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. പ്രതിദിനം 750-ലേറെ പേർ എത്തുന്ന 'മെയിൻ സ്റ്റോപ്പുകൾ' മുതൽ 100-ൽ താഴെ യാത്രക്കാർ എത്തുന്ന 'പിക്ക് അപ്പ് ആൻഡ് ഡ്രോപ്പ് ഓഫ്' സ്റ്റോപ്പുകൾ വരെ ഇതിൽ ഉൾപ്പെടുന്നു. വേനൽക്കാലത്തെ ചൂടിൽ നിന്നും യാത്രക്കാർക്ക് ആശ്വാസം നൽകുന്നതിനായി ഒട്ടേറെ ശീതീകരിച്ച കാത്തിരിപ്പ് കേന്ദ്രങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. തണലുള്ള ഇരിപ്പിടങ്ങൾ, പരസ്യ പാനലുകൾ, ബസ് റൂട്ടുകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ എന്നിവയെല്ലാം ഈ കേന്ദ്രങ്ങളിൽ ലഭ്യമാണ്.

പൊതുഗതാഗതം ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയും യാത്രാസമയം കുറയ്ക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് ആർ.ടി.എ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. 'പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ' (നിശ്ചയദാർഢ്യമുള്ളവർ) വിഭാഗത്തിൽപ്പെട്ടവർക്ക് കൂടി എളുപ്പത്തിൽ ഉപയോഗിക്കാവുന്ന 'ദുബായ് യൂണിവേഴ്സൽ ഡിസൈൻ കോഡ്' അനുസരിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. പരിസ്ഥിതി സൗഹൃദമായ ഗതാഗത ശൃംഖല കെട്ടിപ്പടുക്കുന്നതിനും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുമുള്ള ദുബായിയുടെ സുസ്ഥിരതാ ലക്ഷ്യങ്ങളെ ഈ പദ്ധതി പിന്തുണയ്ക്കുന്നു.