സൗദിയിൽ ഒരാഴ്ചയ്ക്കിടെ 8,090 അനധികൃത താമസക്കാർ പിടിയിൽ; വ്യാപക പരിശോധന തുടരുന്നു

 

സൗദി അറേബ്യയിൽ ഒരാഴ്ചയ്ക്കിടെ നടത്തിയ വ്യാപക പരിശോധനയിൽ 8,090 അനധികൃത താമസക്കാരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. മെയ് 21 മുതൽ മെയ് 27 വരെ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ ഏജൻസികളുമായി ചേർന്നാണ് പരിശോധന നടത്തിയത്.പിടിയിലായവരിൽ 4,266 പേർ റെസിഡൻസി നിയമം ലംഘിച്ചവരാണ്. 2,653 അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരും 1,171 തൊഴിൽ നിയമം ലംഘിച്ചവരും ഉൾപ്പെടുന്നു. ആകെ 7,466 അനധികൃത താമസക്കാരെ നാടുകടത്തി, 14,484 നിയമലംഘകരെ യാത്രാ രേഖകൾ ലഭിക്കുന്നതിന്റെ നടപടി ക്രമങ്ങൾക്കായി അയച്ചു. 572 പേരെ യാത്രാ റിസർവേഷനുകൾ പൂർത്തിയാക്കുന്നതിനായി അയച്ചു.

അതിർത്തി കടന്ന് രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച 1,176 പേരെയും പിടികൂടി. ഇവരിൽ ഭൂരിഭാഗം എത്യോപ്യൻ, യെമൻ പൗരന്മാരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. നിയമവിരുദ്ധമായി രാജ്യം വിടാൻ ശ്രമിച്ച 71 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.അനധികൃത താമസക്കാർക്ക് സഹായം നൽകിയവരെയും പിടികൂടിയിട്ടുണ്ട്. താമസം, തൊഴിൽ, ഗതാഗതം തുടങ്ങിയ സഹായങ്ങൾ നൽകിയാൽ 15 വർഷം വരെ തടവും 1 ദശലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്നും, ഗതാഗതത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങളോ താമസം നൽകാൻ ഉപയോഗിക്കുന്ന വീടുകളോ കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.