കിഴക്കൻ സൗദിയിൽ വാഹനാപകടം: ഒരു കുടുംബത്തിലെ 7 പേർ ഉൾപ്പെടെ 9 മരണം
Sep 20, 2026, 23:01 IST
സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുള്ള അൽ അഹ്സയിലെ ഉഖൈർ - അൽ ഉയൂൺ റോഡിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ഏഴുപേർ ഉൾപ്പെടെ ഒമ്പത് പേർ മരിച്ചു. രണ്ട് വാഹനങ്ങൾ തമ്മിൽ ശക്തമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
ആദ്യ വാഹനത്തിലുണ്ടായിരുന്ന മാതാപിതാക്കളും അഞ്ച് മക്കളുമടങ്ങിയ ഏഴംഗ കുടുംബവും, രണ്ടാമത്തെ വാഹനത്തിലുണ്ടായിരുന്ന രണ്ട് യുവാക്കളുമാണ് തൽക്ഷണം മരിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും പൂർണ്ണമായി തകർന്നു. അപകടത്തിൽപെട്ടവരെ കുറിച്ചുള്ള വ്യക്തി വിവരങ്ങൾ ലഭ്യമായിട്ടില്ല. സിവിൽ ഡിഫൻസ്, റെഡ് ക്രസന്റ്, ട്രാഫിക് വിഭാഗങ്ങൾ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.