ദുബൈ സ്മാർട്ട് ഗേറ്റുകൾ വഴി ആറുമാസത്തിൽ യാത്ര ചെയ്തത് 94 ലക്ഷം പേർ; ഇമിഗ്രേഷൻ നടപടികൾ ഇനി വെറും 3.4 സെക്കൻഡിൽ
ഈ വർഷത്തെ ആദ്യ ആറുമാസത്തിനുള്ളിൽ ദുബൈയുടെ എ.ഐ അധിഷ്ഠിത സ്മാർട്ട് യാത്രാ സംവിധാനം പ്രയോജനപ്പെടുത്തിയത് 94 ലക്ഷത്തിലധികം യാത്രക്കാർ. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ ദുബൈ) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 9,464,057 യാത്രക്കാരാണ് ഈ ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിച്ചത്. ഇതിൽ 9,024,736 പേർ 'സ്മാർട്ട് ഗേറ്റുകൾ' വഴിയും, 439,321 പേർ ഏറ്റവും അത്യാധുനിക ബോർഡർ ക്ലിയറൻസ് സംവിധാനമായ 'ട്രാവൽ വിത്തൗട്ട് ബോർഡേഴ്‌സ് - റെഡ് കാർപെറ്റ്' സേവനം വഴിയുമാണ് ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയത്.
ബയോമെട്രിക് തിരിച്ചറിയൽ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന 'റെഡ് കാർപെറ്റ്' സംവിധാനം ഇമിഗ്രേഷൻ സമയപരിധി മുൻപത്തെ 12.5 സെക്കൻഡിൽനിന്ന് വെറും 3.4 സെക്കൻഡായി കുറച്ചിട്ടുണ്ട്. യാത്രാ രേഖകളോ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുമായുള്ള സമ്പർക്കമോ ഇല്ലാതെ തന്നെ ഈ സംവിധാനത്തിന് അർഹരായ യാത്രക്കാർക്ക് നിർദിഷ്ട ലൈനിലൂടെ നടന്നുപോയി നടപടികൾ പൂർത്തിയാക്കാം.
വിമാനത്താവളത്തിലെ ക്യൂ ഒഴിവാക്കാനായി യാത്രയ്ക്ക് മുൻപ് ജി.ഡി.ആർ.എഫ്.എ വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷൻ സ്റ്റാറ്റസ് പരിശോധിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ അധികൃതർ നിർദേശിച്ചു. നൂതന സാങ്കേതികവിദ്യകളും എ.ഐയും പ്രയോജനപ്പെടുത്തി ലോകോത്തര സർക്കാർ സേവനങ്ങൾ നൽകാനുള്ള ദുബൈയുടെ ദീർഘവീക്ഷണത്തിന്റെ ഫലമാണിതെന്ന് ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലെഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി വ്യക്തമാക്കി.