95 ടൺ വിത്തുകൾ; ലോകത്തിലെ ഏറ്റവും വലിയ ശേഖരണത്തിന് ഗിന്നസ് റെക്കോർഡ് നേടി സൗദി അറേബ്യ

 

ലോകത്തിലെ ഏറ്റവും വലിയ സീസണൽ വിത്ത് ശേഖരണത്തിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി സൗദി അറേബ്യ. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി 95 ടൺ സീസണൽ വിത്തുകളാണ് രാജ്യം ശേഖരിച്ചത്. നാഷണൽ സെന്റർ ഫോർ വെജിറ്റേഷൻ കവർ ഡെവലപ്‌മെന്റ് ആൻഡ് കോംബാറ്റിംഗ് ഡെസേർട്ടിഫിക്കേഷൻ നടത്തിയ ഒരു വർഷം നീണ്ട തീവ്ര ശ്രമങ്ങളാണ് ഈ ചരിത്ര നേട്ടത്തിന് പിന്നിൽ.

ഭൂമി പുനരുദ്ധാരണ പദ്ധതികൾക്കും പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കാനുമുള്ള സൗദി ഗ്രീൻ ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് ഈ വൻ പദ്ധതി നടപ്പിലാക്കിയത്. ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച വിദഗ്ധ ഫീൽഡ് ടീമുകൾ രാജ്യത്തുടനീളം സഞ്ചരിച്ച് 31 ഇനം പ്രാദേശിക കാട്ടുചെടികളുടെ വിത്തുകൾ ശേഖരിച്ചു. ശേഖരിച്ച വിത്തുകൾ കൃത്യമായി സംസ്‌കരിച്ച ശേഷം അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് വെയർഹൗസുകളിൽ സൂക്ഷിച്ചിരിക്കുന്നത്.

മരുഭൂവൽക്കരണത്തെ ചെറുക്കാനും രാജ്യത്തെ സസ്യസമ്പത്ത് വർധിപ്പിക്കാനും ഈ വിത്ത് ശേഖരം വരും വർഷങ്ങളിൽ വലിയ തോതിൽ പ്രയോജനപ്പെടും. പ്രകൃതി സംരക്ഷണത്തിൽ ആഗോളതലത്തിൽ സൗദി അറേബ്യ നടത്തുന്ന വിപ്ലവകരമായ മാറ്റങ്ങളുടെ അടയാളമായാണ് ഈ റെക്കോർഡ് വിലയിരുത്തപ്പെടുന്നത്