9.8 ബില്യൺ റിയാൽ ചെലവ്; റിയാദിൽ നാല് പുതിയ റോഡ് വികസന പദ്ധതികളുമായി ആർ.സി.ആർ.സി

 

സൗദി തലസ്ഥാനമായ റിയാദിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നാല് പ്രധാന റോഡ് വികസന പദ്ധതികൾക്ക് തുടക്കമായി. റിയാദിലെ റിങ് റോഡുകളും പ്രധാന റോഡ് ശൃംഖലകളും വികസിപ്പിക്കുന്നതിനുള്ള ബൃഹത്തായ പദ്ധതിയുടെ നാലാം ഘട്ടത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. ആകെ 9.8 ബില്യൺ സൗദി റിയാൽ (ഏകദേശം 2.6 ബില്യൺ ഡോളർ) ചെലവഴിച്ചാണ് ഈ നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റിയാണ് (RCRC) പദ്ധതിയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടത്.

നാലാം ഘട്ടത്തിൽ നഗരത്തിലെ 40 കിലോമീറ്ററോളം വരുന്ന റോഡ് ശൃംഖലയാണ് അത്യാധുനിക രീതിയിൽ വികസിപ്പിക്കുന്നത്. ശൈഖ് ജാബിർ അൽ അഹമ്മദ് അൽ സബാഹ് റോഡ് (തെക്കൻ ഭാഗം), പ്രിൻസ് മിഷ്അൽ ബിൻ അബ്ദുൽ അസീസ് റോഡ്, പ്രിൻസ് തുർക്കി ബിൻ അബ്ദുൽ അസീസ് അൽ അവ്വൽ റോഡ് (മധ്യഭാഗം), നജ്മുദ്ദീൻ അൽ അയ്യൂബി റോഡ് (പടിഞ്ഞാറൻ ഭാഗം) എന്നീ നാല് പ്രധാന റോഡ് ഇടനാഴികളാണ് ഈ ഘട്ടത്തിൽ നവീകരിക്കുന്നത്.

യാത്ര സുഗമമാക്കുന്നതിനായി 14 പ്രധാന ഇന്റർസെക്ഷനുകൾ (റോഡ് ജങ്ഷനുകൾ), 33 പാലങ്ങൾ, 5 ടണലുകൾ (തുരങ്കപ്പാതകൾ), 6 കാൽനട പാലങ്ങൾ എന്നിവ ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുമെന്ന് റോയൽ കമ്മീഷൻ അറിയിച്ചു. ഈ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ പ്രതിദിനം 9,50,000ത്തിലധികം വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാനുള്ള ശേഷി ഈ റോഡുകൾക്ക് കൈവരും. ഇത് റിയാദിലെ യാത്രാസമയം ഗണ്യമായി കുറയ്ക്കുമെന്നും നഗരത്തിന്റെ ആഗോള പ്രതിച്ഛായ വർദ്ധിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.