വിവിധ സ്കൂൾ കുട്ടികൾക്കായി ഒരു ബസ്; 'സ്കൂൾ ബസ് പൂളിങ്' പദ്ധതിയുമായി ദുബൈ ആർ.ടി.എ

 

ഒരു നിശ്ചിത പ്രദേശത്തെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളെ ഒരുമിച്ച് ഒരു ബസിൽ കൊണ്ടുപോകുന്ന 'സ്കൂൾ ബസ് പൂളിങ്' സംവിധാനത്തിന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (RTA) തുടക്കമിടുന്നു. ഈ വർഷം ആദ്യ പകുതിയോടെ പരീക്ഷണാടിസ്ഥാനത്തിൽ (Pilot project) പദ്ധതി നടപ്പിലാക്കും. സ്കൂൾ മേഖലകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും സ്വകാര്യ കാറുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനുമാണ് ഈ നീക്കം. പദ്ധതിക്കായി യാംഗോ ഗ്രൂപ്പ് (Yango Group), അർബൻ എക്സ്പ്രസ് ട്രാൻസ്പോർട്ട് എന്നിവയുമായി ആർ.ടി.എ ധാരണാപത്രം ഒപ്പുവെച്ചു.

പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ബസുകളുടെ സഞ്ചാരം കൃത്യമായി ട്രാക്ക് ചെയ്യാനും നിരീക്ഷിക്കാനും സാധിക്കും. നിലവിലുള്ള സ്കൂൾ ഗതാഗത നിയമങ്ങളെല്ലാം പാലിച്ചുകൊണ്ടായിരിക്കും ഈ സർവീസുകൾ പ്രവർത്തിക്കുകയെന്ന് ആർ.ടി.എ പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസി സി.ഇ.ഒ അഹമ്മദ് ഹാശിം ബഹ്‌റോസിയാൻ പറഞ്ഞു. സ്കൂൾ സോണുകളിൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണം വർധിക്കുന്നത് ഗതാഗതത്തെ സാരമായി ബാധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ബദൽ മാർഗ്ഗമെന്ന നിലയിൽ കുറഞ്ഞ നിരക്കിലുള്ള ഈ പൂളിങ് സംവിധാനം ഒരുക്കുന്നത്.

ഈ പരീക്ഷണ പദ്ധതി വിജയിച്ചാൽ ഭാവിയിൽ ദുബൈയിലുടനീളം കൂടുതൽ സ്കൂളുകളെ ഉൾപ്പെടുത്തി പദ്ധതി വിപുലീകരിക്കും. കുട്ടികളുടെ സുരക്ഷിതമായ യാത്രയും സമയലാഭവും ഉറപ്പാക്കുന്നതിനൊപ്പം നഗരത്തിലെ ഗതാഗത പരിഷ്കരണത്തിൽ ഇതൊരു പുതിയ മാതൃകയാകുമെന്നും അധികൃതർ വിലയിരുത്തുന്നു.