മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും കൂട്ടായ സുരക്ഷാ സംവിധാനം അനിവാര്യം; ഖത്തർ
മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ കൂട്ടായ സുരക്ഷാ സംവിധാനം കെട്ടിപ്പടുക്കുക എന്നതാണ് ഏക മാർഗമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിവാര വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം പരമാധികാരം സംരക്ഷിക്കാൻ ഖത്തർ പ്രതിജ്ഞാബദ്ധമാണ്. എല്ലാ കക്ഷികളുടെയും സുരക്ഷാ വെല്ലുവിളികളും ആശങ്കകളും കണക്കിലെടുത്ത് ഒരു കൂട്ടായ സുരക്ഷാ ചട്ടക്കൂട് സ്ഥാപിക്കുന്നതിലൂടെ മാത്രമേ മേഖലയിൽ സമാധാനം ഉറപ്പാക്കാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ഒക്ടോബർ 7-ന് ശേഷം മേഖലയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്, അതിന്റെ പ്രത്യാഘാതങ്ങൾ ഇന്നും തുടരുകയാണ്. മേഖലയിലുണ്ടാകുന്ന ഏതൊരു സംഘർഷാവസ്ഥയും സമാധാനത്തിനായുള്ള നയതന്ത്ര ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കും. അതിനാൽ എല്ലാ കക്ഷികളും സംയമനം പാലിക്കുകയും നയതന്ത്ര പരിഹാരങ്ങളെ പിന്തുണക്കുകയും ചെയ്യണമെന്ന് മാജിദ് അൽ അൻസാരി ആവശ്യപ്പെട്ടു.