ഓടുന്ന വാഹനങ്ങളിൽ നിന്ന് മാലിന്യം വലിച്ചെറിഞ്ഞാൽ 1000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റും; മുന്നറിയിപ്പുമായി അബുദബി പോലീസ്

 

ഓടുന്ന വാഹനങ്ങളിൽ നിന്ന് റോഡുകളിലേക്കും പൊതുസ്ഥലങ്ങളിലേക്കും മാലിന്യങ്ങൾ വലിച്ചെറിയുന്ന ഡ്രൈവർമാർക്കെതിരെ കർശന മുന്നറിയിപ്പുമായി അബുദബി പോലീസ്. നിയമലംഘനം നടത്തുന്നവർക്ക് 1000 ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ 6 ബ്ലാക്ക് പോയിന്റും ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി. യു.എ.ഇ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 71 പ്രകാരമാണ് ഈ ശിക്ഷാനടപടി.

സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഡ്രൈവിങ് സംസ്‌കാരം വളർത്തിയെടുക്കാനായി പോലീസ് നടത്തുന്ന ബോധവൽക്കരണ കാമ്പയിന്റെ ഭാഗമായി, വാഹനങ്ങളിൽ നിന്ന് മാലിന്യം പുറത്തേക്ക് എറിയുന്നതിന്റെ ദൃശ്യങ്ങളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.

മോണിറ്ററിങ് ആൻഡ് കൺട്രോൾ സെന്ററുമായി സഹകരിച്ച് റോഡുകളിലെ അത്യാധുനിക നിരീക്ഷണ ക്യാമറകൾ (Smart Cameras) വഴിയാണ് ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തുന്നത്. റോഡുകളിൽ മാലിന്യം നിക്ഷേപിക്കുന്നത് ഗുരുതരമായ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നതിനൊപ്പം നഗരത്തിന്റെ ഭംഗിയെയും പൊതുജനാരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെന്നും അബുദബി പോലീസ് ചൂണ്ടിക്കാട്ടി. പരിസര ശുചിത്വം പാലിക്കാനും നിയമങ്ങൾ കർശനമായി പിന്തുടരാനും അധികൃതർ ആവശ്യപ്പെട്ടു.