വളര്‍ത്തു മൃഗങ്ങളെ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ 1000 ദിര്‍ഹം പിഴ; അബുദാബിയിൽ കർശന നടപടിയുമായി അധികൃതർ
യു.എ.ഇയില്‍ തെരുവ് പൂച്ചകളുടെ എണ്ണം നിയന്ത്രിക്കാനും പൊതുജനാരോഗ്യം സംരക്ഷിക്കാനുമായി പുതിയ മൃഗസംരക്ഷണ സേവനങ്ങളും നിയമങ്ങളും ശക്തമാക്കി അധികൃതര്‍. പുതിയ നിർദേശപ്രകാരം വളര്‍ത്തു മൃഗങ്ങളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിശ്ചിത സമയപരിധിക്കുള്ളില്‍ മൈക്രോചിപ്പ് ഘടിപ്പിച്ച വളര്‍ത്തുമൃഗങ്ങളെ രജിസ്റ്റര്‍ ചെയ്യാത്ത ഉടമകള്‍ക്ക് 1,000 ദിര്‍ഹം പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു.
നിലവില്‍ വളർത്തു മൃഗങ്ങളുടെ രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ലൈസന്‍സുള്ള ഏത് വെറ്ററിനറി ക്ലിനിക്കുകള്‍ വഴിയും 'താം' (TAMM) പ്ലാറ്റ്ഫോം മുഖേനയും ഈ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. നിലവിലുള്ള രജിസ്‌ട്രേഷന്‍ കൃത്യസമയത്ത് പുതുക്കാത്ത ഉടമകളിൽ നിന്ന് 500 ദിര്‍ഹം പിഴയും ഈടാക്കും.
നഗരസഭ ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ അബുദബിയില്‍ 'ടി.എന്‍.വി.ആര്‍' (TNVR - Trap-Neuter-Vaccinate-Return) പദ്ധതിയും ഊര്‍ജിതമായി നടപ്പിലാക്കുന്നുണ്ട്. തെരുവ് പൂച്ചകളെ പിടികൂടി വന്ധ്യംകരിക്കുകയും വാക്‌സിനേഷന്‍, മൈക്രോചിപ്പ്, കൃമിനാശിനി പ്രയോഗം എന്നിവയ്ക്ക് ശേഷം തിരികെ വിടുന്നതുമാണ് ഈ പദ്ധതി. ഇങ്ങനെ പരിചരണം ലഭിച്ച പൂച്ചകളെ തിരിച്ചറിയുന്നതിനായി അവയുടെ ഇടത് ചെവിയില്‍ ചെറിയൊരു അടയാളം നൽകുന്നുണ്ട്. ഇത്തരം പരിചരണം ആവശ്യമുള്ള തെരുവ് പൂച്ചകളെ കണ്ടെത്തുന്നവര്‍ക്ക് അബുദാബി ഗവണ്‍മെന്റ് കോണ്‍ടാക്ട് സെന്ററിന്റെ 800-555 എന്ന നമ്പറില്‍ വിവരമറിയിക്കാവുന്നതാണ്.