അപാർട്ട്‌മെന്റ് ജനലുകളിൽ ഇരുമ്പ് ഗ്രില്ലുകൾ സ്ഥാപിച്ചാൽ 30,000 ദിർഹം പിഴ; മുന്നറിയിപ്പുമായി അബൂദബി സിവിൽ ഡിഫൻസ്

 

അപാർട്ട്‌മെന്റുകളുടെയും കെട്ടിടങ്ങളുടെയും മുകൾ നിലകളിലെ ജനലുകളിൽ അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമാകുന്ന രീതിയിൽ ഇരുമ്പ് ഗ്രില്ലുകളോ ബാറുകളോ സ്ഥാപിച്ചാൽ 30,000 ദിർഹം പിഴ ചുമത്തുമെന്ന് അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റി മുന്നറിയിപ്പ് നൽകി. തീപിടിത്തമോ മറ്റ് അപകടങ്ങളോ ഉണ്ടാകുമ്പോൾ അഗ്നിരക്ഷാസേനയുടെ രക്ഷാപ്രവർത്തനം തടസ്സപ്പെടുന്നത് പൂർണ്ണമായി ഒഴിവാക്കാനാണ് ഈ കർശന നടപടി.

തറനിരപ്പിന് (ഗ്രൗണ്ട് ഫ്ലോർ) മുകളിലുള്ള നിലകളിലെ ജനലുകളിൽ അടിയന്തര ഘട്ടങ്ങളിൽ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർക്ക് കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കുന്നത് തടസ്സപ്പെടുത്തുന്ന വിധത്തിൽ ഇരുമ്പ് ബാറുകൾ ഉപയോഗിച്ച് അടയ്ക്കുന്നത് നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്.

പരമ്പരാഗത രീതിയിൽ നിർമ്മിച്ചതോ പ്രീ ഫാബ്രിക്കേറ്റഡ് ഘടനയിലുള്ളതോ ആയ നിലവിലുള്ള എല്ലാ കെട്ടിടങ്ങൾക്കും സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാണ്. എന്നാൽ സ്വകാര്യ വില്ലകളെയും താമസ വീടുകളെയും ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ജീവനും സ്വത്തും സംരക്ഷിക്കാൻ തടസ്സമില്ലാത്ത പ്രവേശനം അത്യാവശ്യമാണെന്ന് അതോറിറ്റി ഓർമ്മിപ്പിച്ചു.