വാഹനത്തിന്റെ മുൻസീറ്റിൽ കുട്ടികളെ ഇരുത്തിയാൽ 400 ദിർഹം പിഴ; അജ്മാൻ പൊലീസിന്റെ കർശന മുന്നറിയിപ്പ്
വാഹനങ്ങളുടെ മുൻസീറ്റിൽ കുട്ടികളെ ഇരുത്തി യാത്ര ചെയ്യുന്നവർക്കെതിരെ കർശന നടപടിയുമായി അജ്മാൻ പൊലീസ്. നിയമലംഘനം നടത്തുന്നവരിൽ നിന്ന് 400 ദിർഹം പിഴ ഈടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 10 വയസ്സിൽ താഴെയുള്ളവർക്കോ, 145 സെന്റീമീറ്ററിൽ താഴെ ഉയരമുള്ളവർക്കോ മുൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യാൻ അനുമതിയില്ല.
മുൻസീറ്റിലിരിക്കുന്ന കുട്ടികൾ ഡ്രൈവർക്ക് തടസ്സമുണ്ടാക്കാനും അതുവഴി വലിയ അപകടങ്ങൾ സംഭവിക്കാനും സാധ്യതയുള്ളതിനാലാണ് ഈ നിബന്ധന. നേരത്തെ നൽകിയ സുരക്ഷാ നിർദേശങ്ങൾ അവഗണിച്ച് കുട്ടികളെ മുൻസീറ്റിലിരുത്തി യാത്ര ചെയ്തത് മൂലം നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് പൊലീസ് നടപടികൾ കടുപ്പിക്കുന്നത്.
അതേസമയം, കുട്ടികൾ ഇരുചക്ര വാഹനങ്ങളുമായി പൊതുറോഡിലിറങ്ങുന്നത് തടയാൻ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും പൊലീസ് നിർദേശിച്ചു. റോഡിൽ വാഹനങ്ങൾക്കിടയിലൂടെ കുട്ടികൾ സൈക്കിളിലും ബൈക്കിലും അശ്രദ്ധമായി യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് പൊലീസിന്റെ മുന്നറിയിപ്പ്. കുട്ടികളുടെ സുരക്ഷയിൽ രക്ഷിതാക്കൾക്കാണ് ഒന്നാമത്തെ ഉത്തരവാദിത്തമെന്ന് അജ്മാൻ പൊലീസ് ഓർമ്മിപ്പിച്ചു. അജ്മാനിൽ നേരത്തെ തന്നെ ഇ-സ്കൂട്ടറുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളതാണ്. എന്നാൽ കളിപ്പാട്ടമായി ഉപയോഗിക്കുന്ന ഇരുചക്ര വാഹനങ്ങളുമായി പോലും കുട്ടികൾ തിരക്കേറിയ റോഡുകളിലേക്ക് ഇറങ്ങുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.