നിയമവിരുദ്ധമായി തീർഥാടകർക്ക് താമസസൗകര്യം നൽകിയാൽ 10 ലക്ഷം റിയാൽ പിഴ; സൗദി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
മതിയായ ലൈസൻസില്ലാതെ തീർഥാടകർക്ക് താമസസൗകര്യം നൽകുന്ന കെട്ടിട ഉടമകൾക്കെതിരെ കർശന നടപടിയുമായി സൗദി വിനോദസഞ്ചാര മന്ത്രാലയം. നിയമം ലംഘിക്കുന്നവർക്ക് പത്ത് ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചു. മക്കയിലെയും മദീനയിലെയും കെട്ടിട ഉടമകൾ ലൈസൻസില്ലാതെ യാതൊരുവിധ ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി പ്രവർത്തനങ്ങളിലും ഏർപ്പെടരുതെന്നാണ് കർശന നിർദേശം.
ഹജ്ജ് സീസണിന് മുന്നോടിയായി നൽകുന്ന താത്കാലിക ലോഡ്ജ് ലൈസൻസുകൾ അനുവദിക്കപ്പെട്ട കാലയളവിൽ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കി. മക്കയിലും മദീനയിലും തീർഥാടകർക്ക് താമസസൗകര്യം നൽകാൻ ആഗ്രഹിക്കുന്നവർക്കായി ഹജ്ജ് സീസണിലേക്കുള്ള താത്കാലിക ലൈസൻസുകൾ അനുവദിക്കുന്ന സേവനം നിലവിൽ ലഭ്യമാണ്.
തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ ഇരുഹറമുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ ശക്തമാക്കും. മന്ത്രാലയത്തിന്റെ പ്രത്യേക സംഘം കെട്ടിടങ്ങളിൽ സന്ദർശനം നടത്തി ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.