അസാധാരണ സാഹചര്യങ്ങളിൽ വില കൂട്ടിയാൽ 1,000 റിയാൽ വരെ പിഴ; കർശന മുന്നറിയിപ്പുമായി ഒമാൻ സി.പി.എ

 

പ്രകൃതിദുരന്തങ്ങൾ, അടിയന്തര പ്രതിസന്ധികൾ അല്ലെങ്കിൽ വിപണിയിലെ അസാധാരണ സാഹചര്യങ്ങൾ മുതലെടുത്ത് സാധനങ്ങൾക്കും സേവനങ്ങൾക്കും അനാവശ്യമായി വില വർധിപ്പിക്കുന്ന വിതരണക്കാർക്കും കച്ചവടക്കാർക്കുമെതിരെ കർശന നടപടിയുമായി ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CPA). ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്ക് 1,000 ഒമാനി റിയാൽ വരെ പിഴ ചുമത്തുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി. അമിത വിലക്കയറ്റത്തിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് കൺസ്യൂമർ പ്രൊട്ടക്ഷൻ ചട്ടങ്ങൾ പ്രകാരമുള്ള ഈ നടപടി.

നിയമം ലംഘിച്ച് വില വർധിപ്പിക്കുന്ന കച്ചവടക്കാരിൽ നിന്ന് 500 മുതൽ 1,000 ഒമാനി റിയാൽ വരെ പിഴ ഈടാക്കും. നിയമലംഘനം ആവർത്തിച്ചാൽ പിഴ തുക ഇരട്ടിയാകുമെന്നും അധികൃതർ അറിയിച്ചു. കൂടാതെ, മുന്നറിയിപ്പ് നൽകിയിട്ടും നിയമലംഘനം തുടരുന്ന പക്ഷം തുടർന്നു വരുന്ന ഓരോ ദിവസത്തിനും അധികമായി 50 ഒമാനി റിയാൽ വീതം പിഴ ചുമത്തുമെന്നും സി.പി.എ വ്യക്തമാക്കി. വിപണിയിലെ കൃത്രിമ വിലക്കയറ്റത്തിനെതിരെ ശക്തമായ നിരീക്ഷണം തുടരുമെന്നും ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.