സൗദി ടൂറിസത്തിന് പുത്തൻ ഉണർവ്; അൽഉല അന്താരാഷ്ട്ര വിമാനത്താവളം വിപുലീകരിച്ചു
സൗദി അറേബ്യയുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അൽഉല അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വിപുലീകരണ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സാംസ്കാരിക മന്ത്രിയും അൽഉല റോയൽ കമീഷൻ ഗവർണറുമായ അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാനാണ് നവീകരിച്ച ലോഞ്ചുകളുടെയും ടെർമിനൽ സൗകര്യങ്ങളുടെയും ഉദ്ഘാടനം നിർവഹിച്ചത്. സൗദിയുടെ വടക്കുപടിഞ്ഞാറൻ മേഖലയെ ഒരു പ്രധാന ലോജിസ്റ്റിക്സ്-വ്യോമയാന കേന്ദ്രമാക്കി മാറ്റാനുള്ള റോയൽ കമീഷന്റെ ദീർഘകാല ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ വികസനം.
നവീകരണത്തിലൂടെ വിമാനത്താവളത്തിന്റെ ശേഷിയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിവർഷം നാല് ലക്ഷം യാത്രക്കാരെ സ്വീകരിച്ചിരുന്ന സ്ഥാനത്ത് ഇനി മുതൽ ഏഴ് ലക്ഷം പേരെ ഉൾക്കൊള്ളാൻ വിമാനത്താവളത്തിന് സാധിക്കും. അതായത് യാത്രക്കാരുടെ എണ്ണത്തിൽ 75 ശതമാനം വർധനവുണ്ടായി. ടെർമിനലിന്റെ വിസ്തൃതി 3,800 ചതുരശ്ര മീറ്ററിൽ നിന്ന് 5,450 ചതുരശ്ര മീറ്ററായി ഉയർത്തിയിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിനായി പാസ്‌പോർട്ട് കൗണ്ടറുകളുടെ എണ്ണം നാലിൽ നിന്ന് 12 ആയി വർധിപ്പിക്കുകയും അതിവേഗ യാത്ര ഉറപ്പാക്കാൻ അത്യാധുനിക ഇ-ഗേറ്റുകൾ സ്ഥാപിക്കുകയും ചെയ്തു.
ദേശീയ ഗതാഗത-ലോജിസ്റ്റിക് പദ്ധതിയുടെയും വിഷൻ 2030-ന്റെയും ഭാഗമായി അൽഉലയെ ലോകോത്തര നിക്ഷേപ കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് റോയൽ കമീഷൻ വ്യക്തമാക്കി. വിമാനത്താവളത്തിലെ സൗകര്യങ്ങൾ മെച്ചപ്പെട്ടതോടെ കൂടുതൽ അന്താരാഷ്ട്ര എയർലൈനുകൾ അൽഉലയിലേക്ക് സർവീസുകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അൽഉലയുടെ സാംസ്കാരിക പൈതൃകം നിലനിർത്തിക്കൊണ്ട് തന്നെ സാമ്പത്തിക വളർച്ചയും പുതിയ തൊഴിൽ അവസരങ്ങളും സൃഷ്ടിക്കാൻ ഈ വിപുലീകരണ പദ്ധതി വലിയ തോതിൽ സഹായിക്കും.