ഹരിത ഗതാഗതത്തിൽ പുതിയ ചുവടുവെപ്പ്; ഡ്രൈവറില്ലാ ഹൈഡ്രജൻ ട്രക്കുകൾ സൗദിയിൽ അവതരിപ്പിച്ചു
പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയിൽ ആദ്യമായി സ്വയം നിയന്ത്രിത (ഓട്ടോണമസ്) ഹൈഡ്രജൻ ട്രക്കുകൾ അവതരിപ്പിച്ചു. സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് (TGA) ഊർജ്ജ മന്ത്രാലയത്തിന്റെയും ഗതാഗത-ലോജിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെയും പിന്തുണയോടെ ഈ അത്യാധുനിക ട്രക്കുകൾ പുറത്തിറക്കിയത്. ഇസ്മായിൽ അബു ദാവൂദ് കമ്പനി, പ്രൊക്ടർ ആൻഡ് ഗാംബിൾ ലിമിറ്റഡ്, ഹൈവ്യൂ കമ്പനി എന്നിവയുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
പൂർണ്ണമായും ഹരിത ഇന്ധനമായ ഹൈഡ്രജൻ ഉപയോഗിച്ചാണ് ഈ ഹെവി ട്രക്കുകൾ പ്രവർത്തിക്കുന്നത്. ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ഇതിൽ ഇന്ധനം നിറയ്ക്കാനാകും. ഒറ്റത്തവണ ഇന്ധനം നിറച്ചാൽ ഏകദേശം 1500 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ ഈ ട്രക്കുകൾക്ക് സാധിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഉയർന്ന യാത്രാപരിധിയുള്ളതിനാൽ ദീർഘദൂര ലോജിസ്റ്റിക്‌സ് സർവീസുകൾക്കും വൻകിട ചരക്കുനീക്കങ്ങൾക്കും ഇവ ഏറെ കാര്യക്ഷമമായി ഉപയോഗിക്കാൻ സാധിക്കും. അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങളോടെയുള്ള മൾട്ടി-ലെവൽ ഓട്ടോണമസ് ഡ്രൈവിങ് സാങ്കേതികവിദ്യയിലാണ് ഈ വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അടിസ്ഥാനമാക്കിയുള്ള സ്മാർട്ട് ഡിസൈനാണ് വാഹനത്തിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്. ഗതാഗത-ലോജിസ്റ്റിക്‌സ് മേഖലയിലെ കാർബൺ പുറന്തള്ളൽ പരമാവധി കുറയ്ക്കുക എന്ന സൗദി അറേബ്യയുടെ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണിത്. ഹെവി ട്രാൻസ്‌പോർട്ട് മേഖലയിൽ ക്ലീൻ എനർജിയും സെൽഫ് ഡ്രൈവിങ് സാങ്കേതികവിദ്യയും ഒരുമിച്ച് കൊണ്ടുവരുന്നതിന്റെ ആദ്യ ഘട്ടമായാണ് ഈ ഹൈഡ്രജൻ ട്രക്ക് അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ ചരക്കുനീക്കം കൂടുതൽ സ്മാർട്ടാക്കുന്നതിനായി വരും ദിവസങ്ങളിൽ കൂടുതൽ ആധുനിക സാങ്കേതികവിദ്യകൾ ഈ മേഖലയിൽ കൊണ്ടുവരുമെന്ന് അതോറിറ്റി അറിയിച്ചു.