ഗിന്നസ് റെക്കോർഡിലേക്ക് ഒരു കൈപ്പത്തി ചിത്രം; ഇന്തോനേഷ്യയിൽ കണ്ടെത്തിയത് 67,800 വർഷം പഴക്കമുള്ള ലോകത്തിലെ ഏറ്റവും പഴയ ഗുഹാചിത്രം!

 

ഇന്തോനേഷ്യയിലെ മുന ദ്വീപിൽ ലോകത്തിലെ ഏറ്റവും പഴക്കമേറിയ 'നോൺ-ഫിഗറേറ്റീവ്' (രൂപരഹിതമായ) ഗുഹാചിത്രം പുരാവസ്തു ഗവേഷകർ കണ്ടെത്തി. സൗത്ത് സുലവേസിയിലെ ലിയാങ് മെറ്റാൻഡുനോ ഗുഹയിൽ നിന്നും കണ്ടെത്തിയ ഒരു മനുഷ്യന്റെ കൈപ്പത്തിയുടെ ചിത്രത്തിനാണ് (Hand Stencil) ശാസ്ത്രലോകം ഇത്രയും വലിയ പഴക്കം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിന് ഏകദേശം 67,800 വർഷത്തെ പഴക്കമുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതോടെ, ലോകത്തിലെ ഏറ്റവും പഴക്കമുള്ള നോൺ-ഫിഗറേറ്റീവ് ചിത്രമായി ഗിന്നസ് വേൾഡ് റെക്കോർഡ്സും (Guinness World Records) ഇതിനെ ഔദ്യോഗികമായി അംഗീകരിച്ചു കഴിഞ്ഞു.

ആധുനിക ഗവേഷണ മികവിൽ ചരിത്ര കണ്ടെത്തൽ

പ്രശസ്തമായ 'നേച്ചർ' (Nature) ജേണലിലാണ് മാനവ ചരിത്രത്തെത്തന്നെ മാറ്റിമറിച്ചേക്കാവുന്ന ഈ അപൂർവ്വ കണ്ടെത്തലിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രമുഖ പുരാവസ്തു ഗവേഷകരും ആർക്കിയോമെട്രി വിദഗ്ധരും ഉൾപ്പെട്ട അന്താരാഷ്ട്ര സംഘമാണ് ഈ ചരിത്രപരമായ ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ചത്. ഇന്തോനേഷ്യയിലെ നാഷണൽ റിസർച്ച് ആൻഡ് ഇന്നൊവേഷൻ ഏജൻസിയിലെ (BRIN) ഡോ. ആദി അഗസ് ഒക്താവിയാന, ഗ്രിഫിത്ത് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർമാരായ ആദം ബ്രം, മാക്സിം ഓബെർട്ട് എന്നിവരുടെ സംയുക്ത നേതൃത്വത്തിലായിരുന്നു ഈ അത്ഭുത കണ്ടെത്തലിലേക്ക് നയിച്ച ഗവേഷണം നടന്നത്.

2012-ൽ സുലവേസിയിലെ തെക്ക്-പടിഞ്ഞാറൻ പെനിൻസുലയിൽ വെച്ചാണ് ശാസ്ത്രജ്ഞർ ഗുഹാചിത്രങ്ങളെക്കുറിച്ചുള്ള വിപുലമായ പഠനം ആരംഭിക്കുന്നത്. തുടർന്ന് ഗവേഷണം മറ്റ് ദ്വീപുകളിലേക്ക് വ്യാപിപ്പിച്ചപ്പോഴാണ് മുന ദ്വീപിലെ ഈ അത്ഭുത ഗുഹാചിത്രം ഗവേഷകരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഈ ചിത്രത്തിന്റെ കൃത്യമായ പ്രായം നിർണ്ണയിക്കുന്നതിനായി പുതിയതും കൂടുതൽ കൃത്യതയാർന്നതുമായ റേഡിയോമെട്രിക് ഡേറ്റിങ് രീതി വികസിപ്പിച്ചെടുക്കാൻ ജിയോക്രോണോളജിസ്റ്റ് റെനോഡ് ജോനെസ്-ബോയുവുമായും സംഘം പ്രത്യേകമായി സഹകരിച്ചിരുന്നു. ഇതിനുമുൻപും സുലവേസിയിലെ വിവിധ ഗുഹകളിൽ നിന്ന് നിരവധി ചിത്രങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും, അവയൊന്നും തന്നെ ഇപ്പോൾ കണ്ടെത്തിയ കൈപ്പത്തി ചിത്രത്തിന്റെ അത്ര പഴക്കമുള്ളതായിരുന്നില്ല.

പ്രതിസന്ധികളെ അതിജീവിച്ച ശാസ്ത്രലോകം

അതിദുർഘടമായ മലനിരകളിലും വനമേഖലകളിലും സ്ഥിതി ചെയ്യുന്ന ഗുഹകളിൽ വെച്ചുള്ള ഈ ഗവേഷണം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന് ശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നു. കോടിക്കണക്കിന് രൂപ ചെലവ് വരുന്ന വിപുലമായ ഗവേഷണത്തിനായുള്ള ഫണ്ട് കണ്ടെത്തുക, പുതിയ ഡേറ്റിങ് രീതി പരീക്ഷിക്കുന്നതിനായുള്ള അത്യാധുനിക ലാബോറട്ടറി സജ്ജീകരണങ്ങൾ ഒരുക്കുക എന്നിവയായിരുന്നു ഗവേഷകർ നേരിട്ട പ്രധാന തടസ്സങ്ങൾ. ഒപ്പം യാത്രാസൗകര്യങ്ങളുടെ കുറവും കടുത്ത ശാരീരിക പ്രയാസങ്ങളും നേരിടേണ്ടി വന്നെങ്കിലും, ഈ ചരിത്ര കണ്ടെത്തൽ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ അനുഭവമാണെന്ന് ഗവേഷണ സംഘം ഒന്നടങ്കം വ്യക്തമാക്കുന്നു.