77 വർഷത്തിന് ശേഷം അപൂർവ നിമിഷം; 2027 ഓഗസ്റ്റിൽ പൂർണ സൂര്യഗ്രഹണത്തിനൊരുങ്ങി സൗദി
കഴിഞ്ഞ 77 വർഷത്തിനിടയിലെ ആദ്യത്തെ പൂർണ്ണ സൂര്യഗ്രഹണം ദർശിക്കാൻ സൗദി അറേബ്യ ഒരുങ്ങുന്നു. 2027 ഓഗസ്റ്റ് രണ്ടിനാണ് ആകാശത്ത് ഈ അപൂർവ പ്രതിഭാസം ദൃശ്യമാകുക. ഇതിന് മുൻപ് 1950 ലാണ് സൗദിയിൽ അവസാനമായി പൂർണ്ണ സൂര്യഗ്രഹണം അനുഭവപ്പെട്ടതെന്ന് ജ്യോതിശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.
സൗദിയുടെ പടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ഗ്രഹണം പൂർണ്ണമായി ദൃശ്യമാകും. അബഹ ഉൾപ്പെടെയുള്ള തെക്കൻ പ്രദേശങ്ങളിൽ ഏകദേശം ആറ് മിനിറ്റോളം പകൽവെളിച്ചം പൂർണ്ണമായും ഇരുളും. ജിദ്ദ ഉൾപ്പെടെയുള്ള ചെങ്കടൽ തീരപ്രദേശങ്ങളിൽ ഇത് അഞ്ച് മിനിറ്റും 50 സെക്കൻഡും വരെ നീണ്ടുനിൽക്കും. റിയാദ് ഉൾപ്പെടുന്ന മധ്യ-കിഴക്കൻ മേഖലകളിൽ ഭാഗിക ഗ്രഹണമായിരിക്കും അനുഭവപ്പെടുക.
മക്ക, ജിദ്ദ, ത്വാഇഫ്, അൽബാഹ, ജാസാൻ, നജ്റാൻ തുടങ്ങി നിരവധി നഗരങ്ങളിലൂടെയാണ് ഗ്രഹണപാത കടന്നുപോകുന്നത്. ഈ സമയത്ത് അന്തരീക്ഷ താപനില കുറയുകയും പകൽവെളിച്ചം സന്ധ്യയ്ക്ക് സമാനമാവുകയും ചെയ്യും. സൂര്യഗ്രഹണം നേരിട്ട് വീക്ഷിക്കുന്നത് കാഴ്ചശക്തിയെ ബാധിക്കുമെന്നതിനാൽ പ്രത്യേക സോളാർ ഫിൽട്ടർ ഗ്ലാസുകൾ ധരിച്ച് മാത്രമേ ഇത് നിരീക്ഷിക്കാവൂ എന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.