കാണാതായ വളർത്തുമാനിനെ കണ്ടെത്തുന്നവർക്ക് 500 ദീനാർ പാരിതോഷികം; ബഹ്റൈനിൽ തിരച്ചിൽ ഊർജ്ജിതം

 

ബഹ്റൈനിലെ ദിയാർ അൽ മുഹറഖിൽ നിന്ന് കാണാതായ തങ്ങളുടെ പ്രിയപ്പെട്ട വളർത്തുമാനിനെ കണ്ടെത്തുന്നവർക്ക് 500 ബഹ്റൈനി ദീനാർ പാരിതോഷികം പ്രഖ്യാപിച്ച് ഉടമ. സ്വദേശി കുടുംബം എല്ലാവിധ ഔദ്യോഗിക അനുമതികളോടെയും വീട്ടിൽ വളർത്തിയിരുന്ന മാനാണിത്. വീട് വൃത്തിയാക്കുന്നതിനിടെ ജോലിക്കാരി അറിയാതെ പ്രധാന വാതിൽ തുറന്നിട്ടപ്പോഴാണ് മാൻ പുറത്തേക്ക് ഓടിപ്പോയത്.

ദിയാർ അൽ മുഹറഖിലെ ബാരഹ് മേഖലയിലുള്ള കടൽത്തീരത്തെ തുറസ്സായ സ്ഥലത്തേക്കാണ് മാൻ ഓടിമറഞ്ഞതെന്ന് ഉടമ വ്യക്തമാക്കി. നിലവിൽ ഒൻപത് മാസം പ്രായമുള്ള ഈ മാനിനെ വളരെ ചെറുപ്പം മുതൽ വീട്ടിൽ പരിപാലിച്ചു പോരുന്നതാണ്. കുടുംബത്തിലെ കുട്ടികളുമായി ഏറെ ഇണങ്ങി ജീവിച്ചിരുന്ന വളർത്തുമൃഗത്തെ കാണാതായതോടെ കുട്ടികൾ വലിയ വിഷമത്തിലാണെന്നും കുടുംബം അറിയിച്ചു.

സംഭവം നടന്നതുമുതൽ പ്രദേശത്താകെ കുടുംബാംഗങ്ങൾ തിരച്ചിൽ നടത്തിവരികയാണ്. ഈ മാനിനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 33190947 എന്ന നമ്പറിൽ നേരിട്ട് ബന്ധപ്പെടണമെന്ന് ഉടമ അഭ്യർത്ഥിച്ചു.