ബലൂചിസ്ഥാനിൽ പാക് സൈന്യത്തിനുനേരെ ആക്രമണ പരമ്പര; സൈനികർ കൊല്ലപ്പെട്ടതായി വിമതർ

 

പാകിസ്താൻ സൈന്യത്തിനെതിരെ ശക്തമായ ആക്രമണ പരമ്പരയുമായി ബലൂച് വിഘടനവാദി സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് (BLF). 'ഓപ്പറേഷൻ അൽമാസ്' (Operation Almas) എന്ന് പേരിട്ട് നടത്തിയ ആക്രമണത്തിൽ പാക് സൈന്യത്തിന്റെ മിലിട്ടറി ഇന്റലിജൻസ് ക്യാപ്റ്റനെയും സ്പെഷ്യൽ സർവീസസ് ഗ്രൂപ്പിലെ നിരവധി ഉദ്യോഗസ്ഥരെയും വധിച്ചതായി ബി.എൽ.എഫ്. അവകാശപ്പെട്ടു. സംഘടനയുടെ വക്താവ് മേജർ ഗ്വാഹ്‌റാം ബലൂചാണ് വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.

ആക്രമണങ്ങളിൽ പാക് സേനയ്ക്ക് കനത്ത ജീവഹാനിയും ആയുധനഷ്ടവും സംഭവിച്ചതായും, പലയിടങ്ങളിലും സൈന്യത്തിന് പിൻവാങ്ങേണ്ടി വന്നതായും ബി.എൽ.എഫ്. അവകാശപ്പെടുന്നു. പാക് സൈന്യത്തിന്റെ ഫ്രോണ്ടിയർ വർക്‌സ് ഓർഗനൈസേഷന്റെ പ്രധാന ക്യാമ്പ് പിടിച്ചെടുത്ത വിമതർ ഗ്വാദർ സീറോ പോയിന്റിൽ തങ്ങളുടെ സംഘടനയുടെ പതാക ഉയർത്തി.

മുഷാനി പോലീസ് സ്റ്റേഷന്റെ നിയന്ത്രണം ഏറ്റെടുത്ത അവർ അവിടെയുണ്ടായിരുന്ന ആയുധങ്ങളും പിടിച്ചെടുത്തു. ഗുബ്ദിൽ സൈനിക വ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തിൽ വാഹനങ്ങൾ തകരുകയും നിരവധി ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.