അബ്ദുൽ റഹീമിന്റെ ജയിൽ മോചനം: നടപടികൾ ഞായറാഴ്ചയ്ക്കകം പൂർത്തിയാകുമെന്ന് പ്രതീക്ഷ

 

സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ ജയിൽമോചനവുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി റിയാദിലെ അബ്ദുൽ റഹീം നിയമസഹായ സമിതി അറിയിച്ചു. ഇരുപത് വർഷത്തെ ശിക്ഷാകാലാവധി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.സൗദി അറേബ്യയിലെ സർക്കാർ മേഖല പെരുന്നാൾ അവധിയിലേക്ക് പ്രവേശിച്ചിട്ടുണ്ടെങ്കിലും, മോചനവുമായി ബന്ധപ്പെട്ട പ്രധാന വകുപ്പുകൾ പ്രവർത്തനം തുടരുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വാരാന്ത്യ അവധിക്ക് ശേഷം വരുന്ന ഞായറാഴ്ച മുതൽ ബാക്കി നടപടികൾ വേഗത്തിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.


റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഭൂരിഭാഗം നിയമനടപടികളും ഇതിനകം പൂർത്തിയായതായി പവർ ഓഫ് അറ്റോർണി സിദ്ദിഖ് തുവൂർ അറിയിച്ചു. ജയിലിൽ നിന്നുള്ള വിടുതൽ നടപടികൾ പൂർത്തിയായ ശേഷമായിരിക്കും ഇന്ത്യൻ എംബസി നൽകിയ ഔട്ട് പാസിൽ എക്സിറ്റ് വിസ ലഭ്യമാകുക.എന്നാൽ നിലവിലുള്ള അവധിക്കാലം എക്സിറ്റ് വിസ അടക്കമുള്ള തുടർ നടപടികളെ ബാധിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇതു സംബന്ധിച്ച് ഇന്ത്യൻ എംബസി, അഭിഭാഷകർ, പവർ ഓഫ് അറ്റോർണി, നിയമസഹായ സമിതി എന്നിവർ ചേർന്ന് ഏകോപിതമായി നടപടികൾ മുന്നോട്ട് കൊണ്ടുപോകുകയാണെന്ന് അധികൃതർ അറിയിച്ചു.വർഷങ്ങളായുള്ള കേസായതിനാൽ നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കാൻ സ്വാഭാവികമായ സമയപരിധി മാത്രമാണ് വേണ്ടിവരുന്നതെന്നും, അസാധാരണമായ തടസ്സങ്ങളൊന്നുമില്ലെന്നും നിയമസഹായ സമിതി വ്യക്തമാക്കി