ഡെലിവറി ബൈക്കുകൾക്ക് ദേശീയപാതകളിൽ വിലക്കേർപ്പെടുത്തി അബുദാബി; സുരക്ഷ മുൻനിർത്തി പുതിയ ട്രാഫിക് നിയമം
അബുദാബിയിൽ ഡെലിവറി ബൈക്കുകൾ അപകടത്തിൽപ്പെടുന്നത് വർധിച്ച സാഹചര്യത്തിലാണ് അധികൃതർ ഗതാഗത നിയന്ത്രണം കർശനമാക്കിയത്. വേഗത പരിധി 120 കിലോമീറ്ററോ അതിൽ കൂടുതലോ ഉള്ള പ്രധാന ഹൈവേകളിൽ ഇനി മുതൽ ഡെലിവറി ബൈക്കുകൾക്ക് പ്രവേശനമുണ്ടാകില്ല.
ഡെലിവറി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അബുദാബി മൊബിലിറ്റിയുടെ കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററാണ് (ITC) ഈ പുതിയ ഉത്തരവിറക്കിയത്. ഷെയ്ഖ് സായിദ് സ്ട്രീറ്റിലെ ഷെയ്ഖ് സായിദ് പാലം മുതൽ ഷെയ്ഖ് സായിദ് ടണൽ വരെയുള്ള ഭാഗങ്ങളിലും ഈ വിലക്ക് ബാധകമായിരിക്കും. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഡെലിവറി ബൈക്കുകൾ ഉൾപ്പെട്ട 72 വലിയ അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഹൈവേകളിൽ ഡെലിവറി ജീവനക്കാരുടെ മരണനിരക്ക് 22 ശതമാനത്തോളമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, ഹൈവേകൾക്ക് പകരം മറ്റ് ഉപറോഡുകൾ ഉപയോഗിക്കുന്നത് വഴി ഓർഡറുകൾ എത്തിക്കാൻ 4 മുതൽ 7 മിനിറ്റ് വരെ മാത്രമേ അധികമായി എടുക്കൂ എന്ന് ITC ആക്ടിങ് ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല ഹമദ് അൽ ഗഫ്ലി വ്യക്തമാക്കി.
പുതിയ നിയമപ്രകാരം വേഗപരിധി 100 കിലോമീറ്റർ ഉള്ള റോഡുകളിൽ ഡെലിവറി ബൈക്കുകൾ വലതുവശത്തെ വരിയിലൂടെ (റൈറ്റ് ലൈൻ) മാത്രമേ ഓടിക്കാൻ പാടുള്ളൂ. കൂടാതെ, കടുത്ത ചൂടിൽ നിന്ന് ജീവനക്കാർക്ക് വിശ്രമിക്കാൻ എയർകണ്ടീഷണർ അടങ്ങിയ പ്രത്യേക കേന്ദ്രങ്ങളും നഗരത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഓർഡർ നൽകുന്ന ദൂരം കുറയ്ക്കുന്നതിനും താമസമേഖലകളിൽ പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ ഉപയോഗിക്കുന്നതിനും ഡെലിവറി കമ്പനികളുമായി ചേർന്ന് വിപുലമായ പദ്ധതികൾ നടപ്പിലാക്കുമെന്നും അധികൃതർ അറിയിച്ചു.