അബുദാബി ശൈഖ് സായിദ് ഫെസ്റ്റിവൽ ഏപ്രിൽ അഞ്ചുവരെ നീട്ടി
അൽ വത്ബയിൽ നടന്നുവരുന്ന പ്രശസ്തമായ ശൈഖ് സായിദ് ഫെസ്റ്റിവലിന്റെ കാലാവധി നീട്ടിയതായി സംഘാടകർ അറിയിച്ചു. ഏപ്രിൽ അഞ്ചുവരെയാണ് ഫെസ്റ്റിവൽ നീട്ടിയത്. ഇതോടെ കൂടുതൽ ദിവസങ്ങളിൽ സാംസ്‌കാരിക പരിപാടികളും കരിമരുന്ന് പ്രകടനങ്ങളും ഡ്രോൺ ഷോകളും ആസ്വദിക്കാൻ സന്ദർശകർക്ക് അവസരം ലഭിക്കും. മാർച്ച് 22-ന് ഫെസ്റ്റിവൽ അവസാനിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
കുടുംബങ്ങൾക്കും കുട്ടികൾക്കുമായി വിപുലമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ഫെസ്റ്റിവൽ നഗരിയിൽ ഒരുക്കിയിരിക്കുന്നത്. ബമ്പർ കാറുകൾ, ദിനോസർ പാർക്ക്, പ്രേതഭവനം, കണ്ണാടി വീട് തുടങ്ങിയവ കുട്ടികളെ ആകർഷിക്കുമ്പോൾ, മുതിർന്നവർക്കായി വിവിധ രാജ്യങ്ങളിലെ തനത് ഭക്ഷണശാലകളും തത്സമയ സംഗീത പരിപാടികളും സജ്ജമാണ്. യുഎഇയുടെ പൈതൃകം വിളിച്ചോതുന്ന പ്രദർശനങ്ങൾക്കൊപ്പം ക്ലാസിക്, മോഡിഫൈഡ് വാഹനങ്ങളുടെ പ്രദർശനവും അപൂർവ്വ മൃഗങ്ങളുടെയും പക്ഷികളുടെയും കാഴ്ചകളും ഇവിടെയുണ്ട്.
ഫെസ്റ്റിവലിലേക്കുള്ള പ്രവേശനം സൗജന്യമാണ്. സാധാരണ ദിവസങ്ങളിൽ വൈകുന്നേരം നാല് മണി മുതൽ രാത്രി 12 മണി വരെയാണ് സന്ദർശന സമയം. എന്നാൽ വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും പുലർച്ചെ ഒരു മണി വരെ സന്ദർശകരെ അനുവദിക്കും. ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുക്കുന്ന നാലായിരത്തോളം സാംസ്‌കാരിക പരിപാടികളാണ് ഇത്തവണ ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണം.