അബുദാബിയിലെ പുതിയ പെയ്ഡ് പാർക്കിങ് ബോർഡുകൾ: നിലവിലെ രീതിയിൽ മാറ്റമില്ലെന്ന് അധികൃതർ
അബുദാബി എമിറേറ്റിൽ പുതുതായി സ്ഥാപിച്ച പെയ്ഡ് പാർക്കിങ് ബോർഡുകളെച്ചൊല്ലി വാഹന ഉടമകൾക്കിടയിലുള്ള സംശയങ്ങളിൽ വ്യക്തത വരുത്തി 'ക്യൂ മൊബിലിറ്റി'. പുതിയ ഏരിയ കോഡുകൾ അടങ്ങിയ ബോർഡുകൾ ഭാവിയിലെ പരിഷ്കാരങ്ങളുടെ ഭാഗമാണെന്നും നിലവിലുള്ള നിരക്കുകളിലോ പാർക്കിങ് രീതികളിലോ പെട്ടെന്ന് മാറ്റമുണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു.
നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പുതിയ ഏരിയ കോഡുകളുള്ള ബോർഡുകൾ ഉയർന്നതും 'ദർബ്' ആപ്പിൽ പുതിയ സോണുകൾ പ്രത്യക്ഷപ്പെട്ടതും നിരക്ക് വർധനയെക്കുറിച്ചുള്ള ആശങ്കകൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ പുതിയ സംവിധാനം പൂർണമായി പ്രാബല്യത്തിൽ വരുന്നതുവരെ നിലവിലെ 'മവാഖിഫ്' ചട്ടങ്ങൾ തന്നെ തുടരുമെന്ന് ക്യൂ മൊബിലിറ്റി വ്യക്തമാക്കി.
സ്റ്റാൻഡേർഡ് പാർക്കിങ്ങിന് (കറുപ്പും നീലയും അടയാളപ്പെടുത്തിയത്) മണിക്കൂറിന് 2 ദിർഹമും, പ്രീമിയം പാർക്കിങ്ങിന് (വെള്ളയും നീലയും അടയാളപ്പെടുത്തിയത്) മണിക്കൂറിന് 3 ദിർഹമും നൽകുന്ന നിലവിലെ ഫീസ് ഘടനയിൽ മാറ്റമില്ല. ഭാവിയിൽ സോൺ അധിഷ്ഠിത പെയ്ഡ് പാർക്കിങ് പൂർണമായി നടപ്പിലാക്കുമ്പോൾ ആവശ്യമായ വിവരങ്ങൾ ഉപയോക്താക്കളെ ഔദ്യോഗികമായി അറിയിക്കും.