റോഡ് സുരക്ഷ ഉറപ്പാക്കാൻ ‘അപകടങ്ങളില്ലാത്ത വേനൽക്കാലം 2026’; പുതിയ ക്യാമ്പയിനുമായി ദുബൈ പൊലീസ്

 

വേനൽക്കാലത്ത് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി 'ഇനോക് ഓട്ടോപ്രോ'യുമായി സഹകരിച്ച് ‘അപകടങ്ങളില്ലാത്ത വേനൽക്കാലം 2026’ എന്ന പേരിൽ ദുബൈ പൊലീസ് ജനറൽ കമാൻഡ് പ്രത്യേക സുരക്ഷാ ക്യാമ്പയിൻ ആരംഭിച്ചു. യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്റെയും ഫെഡറൽ ട്രാഫിക് കൗൺസിലിന്റെയും ആഭിമുഖ്യത്തിലാണ് പദ്ധതി. റോഡ് സുരക്ഷ വർധിപ്പിക്കാനും ട്രാഫിക് നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്താനും ലക്ഷ്യമിട്ടാണ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക്കിന്റെ നേതൃത്വത്തിൽ ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്.

രാജ്യത്ത് വാഹനങ്ങളുടെയും ഡ്രൈവർമാരുടെയും എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ട്രാഫിക് സുരക്ഷയ്ക്ക് അതീവ പ്രാധാന്യമുണ്ടെന്ന് ട്രാഫിക് അവബോധ വിഭാഗം ഡയറക്ടർ കേണൽ തലാൽ അൽ മൻസൂരി വ്യക്തമാക്കി. ട്രാഫിക് മരണങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പൊലീസ് സേന പ്രവർത്തിക്കുന്നത്. യു.എ.ഇയെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നാക്കി മാറ്റുക എന്ന 'വി ദ യു.എ.ഇ 2031' വിഷന് അനുസൃതമായാണ് ക്യാമ്പയിൻ രൂപകൽപ്പന ചെയ്തിട്ടുള്ളതെന്ന് അജ്മാൻ ട്രാഫിക് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ റാശിദ് ഹുമൈദ് ബിൻ ഹിന്ദി പറഞ്ഞു.

ക്യാമ്പയിന്റെ ഭാഗമായി വാഹനങ്ങളുടെ റോഡ് യോഗ്യത ഉറപ്പാക്കാൻ ഇനോക് ഓട്ടോപ്രോ സൗജന്യ വാഹന പരിശോധന വാഗ്ദാനം ചെയ്യുന്നുണ്ട്. ഇനോക് വർക്ക്‌ഷോപ്പുകൾ വഴി ടയറുകൾ, എഞ്ചിൻ ഓയിൽ എന്നിവയുൾപ്പെടെയുള്ള 10 പ്രധാന സുരക്ഷാ പരിശോധനകൾ തികച്ചും സൗജന്യമായി നടത്തി നൽകും. കൂടാതെ, ഈ സൗജന്യ പരിശോധനയിൽ പങ്കെടുക്കുന്ന വാഹനങ്ങൾക്കായി സോഷ്യൽ മീഡിയ വഴി നറുക്കെടുപ്പ് നടത്തി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നാല് പുതിയ ടയറുകൾ സമ്മാനമായി നൽകുമെന്നും ഇനോക് റീട്ടെയിൽ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ സായിദ് അബ്ദുൽ റഹ്മാൻ അൽ ഖുഫൈദി അറിയിച്ചു.