ഡിജിറ്റൽ വിദ്യാഭ്യാസത്തിൽ വീണ്ടും ലോകത്തിന് മുന്നിൽ; മൈക്രോസോഫ്റ്റ് അംഗീകാരത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി ബഹ്‌റൈൻ

 

2026-ലെ മൈക്രോസോഫ്റ്റ് ഷോകേസ് സ്കൂൾസ് പദ്ധതിയിൽ തുടർച്ചയായ രണ്ടാം വർഷവും ആഗോളതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ബഹ്‌റൈൻ. 203 സർക്കാർ സ്കൂളുകളും 13 സ്വകാര്യ സ്കൂളുകളും ഉൾപ്പെടെ 216 വിദ്യാലയങ്ങൾക്കാണ് ഇത്തവണ അന്താരാഷ്ട്ര അംഗീകാരം ലഭിച്ചത്. മുൻവർഷം 130 സ്കൂളുകൾക്കായിരുന്നു ഈ നേട്ടം. 58-ലധികം രാജ്യങ്ങളിൽ നിന്നുള്ള 1,112 സ്കൂളുകളെയാണ് ഇത്തവണ മൂല്യനിർണ്ണയത്തിൽ ഉൾപ്പെടുത്തിയിരുന്നത്.

പഠനത്തിലും അധ്യാപനത്തിലും സാങ്കേതികവിദ്യ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്ന സ്ഥാപനങ്ങളെയാണ് പദ്ധതിയിലൂടെ ആദരിക്കുന്നത്. നിർമ്മിത ബുദ്ധി സാക്ഷരത, അധ്യാപകരുടെ ഡിജിറ്റൽ നൈപുണ്യ വികസനം, മൈക്രോസോഫ്റ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫലപ്രദമായ ഉപയോഗം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കൃത്യമായ ആസൂത്രണവും വിദ്യാഭ്യാസ തന്ത്രങ്ങളുടെ നിർവ്വഹണവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.