ബഹ്‌റൈനിൽ കാർഷിക ഇറക്കുമതി നടപടികൾ ഇനി വേഗത്തിൽ; പെർമിറ്റ് ഒരു ദിവസത്തിനുള്ളിൽ ലഭ്യമാകും

 

ബഹ്‌റൈനിൽ കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നടപടികൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കി മുനിസിപ്പാലിറ്റി കാര്യ, കാർഷിക മന്ത്രാലയം. മുമ്പ് നാല് പ്രവൃത്തി ദിവസങ്ങൾ എടുത്തിരുന്ന ഇറക്കുമതി പെർമിറ്റുകൾ ഇനി മുതൽ വെറും ഒരു ദിവസത്തിനുള്ളിൽ ലഭ്യമാകും. രാജ്യത്തെ ഡിജിറ്റൽ വൽക്കരണത്തിന്റെ ഭാഗമായാണ് ഈ പുതിയ മാറ്റം.

സസ്യങ്ങൾ, വളങ്ങൾ, കീടനാശിനികൾ തുടങ്ങിയവയുടെ ഇറക്കുമതിക്കായി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ നാഷണൽ ഇ-ഗവൺമെന്റ് പോർട്ടൽ വഴിയോ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകരുടെ വാണിജ്യ രജിസ്ട്രേഷൻ (CR) വിവരങ്ങൾ പോർട്ടലുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ വിവരങ്ങൾ തത്സമയം പരിശോധിക്കാനും ഫീസ് അടച്ചാലുടൻ പെർമിറ്റ് പ്രിന്റ് ചെയ്തെടുക്കാനും സാധിക്കും. സുരക്ഷയും സുതാര്യതയും ഉറപ്പാക്കാൻ ഓരോ പെർമിറ്റിലും ക്യൂ ആർ കോഡ് ഉൾപ്പെടുത്തിയിട്ടുണ്ട്.

കാർഷിക മേഖലയിലെ വ്യാപാരം സുഗമമാക്കുന്നതിനും ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുമാണ് ഈ പരിഷ്കരണമെന്ന് കൃഷി വകുപ്പ് അണ്ടർ സെക്രട്ടറി ആസിം അബ്ദുല്ലത്തീഫ് വ്യക്തമാക്കി. 'തവാസുൽ' വഴിയുള്ള നിർദ്ദേശങ്ങൾ പരിഗണിച്ചാണ് ഈ മാറ്റങ്ങൾ വരുത്തിയത്. നിലവിൽ 1,300-ലധികം സർക്കാർ സേവനങ്ങൾ ബഹ്‌റൈൻ ഇത്തരത്തിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറ്റിയിട്ടുണ്ട്.