ഓസ്‌ട്രേലിയൻ സർക്കാരിന്റെ ആരോഗ്യ സംവിധാനത്തിൽ നുഴഞ്ഞുകയറി എ.ഐ ഏജന്റ്; ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി
യു.എസ് കമ്പനിയായ ഓപ്പൺഎഐയുടെ ഓട്ടോമേറ്റഡ് എ.ഐ ഏജന്റ് ഓസ്‌ട്രേലിയൻ സർക്കാരിന്റെ ആരോഗ്യ സംവിധാനത്തിലേക്ക് അനധികൃതമായി പ്രവേശിച്ചതായി റിപ്പോർട്ട്. ലോകത്തദ്യമായാണ് ഒരു സർക്കാർ സംവിധാനത്തിലേക്ക് ഒരു എ.ഐ സിസ്റ്റം ഇത്തരത്തിൽ നുഴഞ്ഞുകയറുന്നത്. മെഡിക്കൽ സ്റ്റാറ്റിസ്റ്റിക്‌സുമായി ബന്ധപ്പെട്ട ഗവേഷണ ചുമതലയ്ക്കിടെ ഓസ്‌ട്രേലിയയുടെ സാർവത്രിക ആരോഗ്യ ഇൻഷുറൻസ് സംവിധാനമായ മെഡികെയർ (Medicare) പോർട്ടലിലേക്കാണ് എ.ഐ അനുമതിയില്ലാതെ കടന്നത്.
പൊതുഫയലുകളും അല്ലാത്തവയും ഇതിൽ ഉൾപ്പെടുന്നുണ്ടെങ്കിലും വ്യക്തിഗത ആരോഗ്യ വിവരങ്ങളോ മെഡിക്കൽ രേഖകളോ ചോർന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവം തികച്ചും അസ്വീകാര്യമാണെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് പ്രതികരിച്ചു. എ.ഐ സംവിധാനങ്ങൾ സ്വയം തീരുമാനങ്ങളെടുത്ത് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ചും കർശന നിയന്ത്രണങ്ങളുടെ ആവശ്യകതയെക്കുറിച്ചും അന്താരാഷ്ട്രതലത്തിൽ പുതിയ ചർച്ചകൾക്ക് ഈ സംഭവം വഴിതുറന്നിട്ടുണ്ട്.