യാത്രക്കാർ കാർ അഴുക്കാക്കിയെന്ന് വരുത്താൻ എഐ ചിത്രം; ടാക്സി ഡ്രൈവർക്ക് ആജീവനാന്ത വിലക്ക്

 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജ ചിത്രങ്ങൾ നിർമ്മിച്ച് യാത്രക്കാരിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച ഓൺലൈൻ ടാക്സി ഡ്രൈവർക്ക് ആജീവനാന്ത വിലക്ക്. പ്രമുഖ ടാക്സി സർവീസായ 'ലിഫ്റ്റ്' (Lyft) ആണ് തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിന്നും ഡ്രൈവറെ എന്നെന്നേക്കുമായി പുറത്താക്കിയത്. കാറിന്റെ പിൻസീറ്റിൽ യാത്രക്കാർ ഭക്ഷണാവശിഷ്ടങ്ങളും അഴുക്കും വരുത്തിയെന്ന് കാണിച്ച് കമ്പനിയിൽ നിന്ന് അധിക ക്ലീനിംഗ് ഫീസ് തട്ടിയെടുക്കാനായിരുന്നു ഡ്രൈവറുടെ ശ്രമം.

അമേരിക്കയിലെ ഫ്ലോറിഡയിലുള്ള ബോക രേട്ടൻ സ്വദേശിയായ ബെർട്ട് ഗോർ എന്ന ഉപഭോക്താവിനാണ് കഴിഞ്ഞ ശനിയാഴ്ച ബാങ്കിൽ നിന്നും 'ഫ്രോഡ് അലേർട്ട്' സന്ദേശം ലഭിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാർ കേടുവരുത്തിയതിന് 'ഡാമേജ് ഫീസായി' തന്റെ അക്കൗണ്ടിൽ നിന്നും ലിഫ്റ്റ് കമ്പനി 75 ഡോളർ (ഏകദേശം 6,200 രൂപ) ഈടാക്കാൻ ശ്രമിച്ചതായി അദ്ദേഹം അറിഞ്ഞത്. അന്ന് രാവിലെ ബെർട്ട് ഗോറിന്റെ 14-ഉം 15-ഉം വയസ്സുള്ള രണ്ട് പെൺമക്കൾ ബീച്ചിൽ പോയി മടങ്ങാൻ ഈ ടാക്സി ഉപയോഗിച്ചിരുന്നു. പെൺകുട്ടികൾ കാറിന്റെ പിൻസീറ്റിൽ പാനീയങ്ങൾ ഒഴുക്കിയെന്നും, ഫ്രെഞ്ച് ഫ്രൈസ് ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങൾ ഇട്ട് സീറ്റാകെ വലിയ കറയാക്കി നശിപ്പിച്ചെന്നുമാണ് ഡ്രൈവർ കമ്പനിക്ക് പരാതി നൽകിയത്. തെളിവായി സീറ്റിന്റെ ചിത്രങ്ങളും സമർപ്പിച്ചിരുന്നു.

എന്നാൽ യാത്രയ്ക്കിടയിൽ തങ്ങൾ ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്തിട്ടില്ലെന്ന് കുട്ടികൾ ഉറപ്പിച്ചു പറഞ്ഞതോടെ ഡ്രൈവറുടെ പരാതി വ്യാജമാണെന്ന് ഗോറിന് മനസ്സിലായി. തുടർന്ന് അദ്ദേഹം ലിഫ്റ്റ് കമ്പനിയുമായി ബന്ധപ്പെട്ട് ഡ്രൈവർ സമർപ്പിച്ച തെളിവുകളുടെ ചിത്രങ്ങൾ ആവശ്യപ്പെട്ടു. കമ്പനി അയച്ചുനൽകിയ ചിത്രങ്ങൾ പരിശോധിച്ച ഗോറിന്റെ മകളാണ് ഡ്രൈവർക്ക് പറ്റിയ വലിയൊരു മണ്ടത്തരം കണ്ടെത്തിയത്. ഗൂഗിളിന്റെ എഐ ടൂളായ 'ജെമിനി' (Gemini AI) ഉപയോഗിച്ചാണ് ഡ്രൈവർ ആ ചിത്രങ്ങൾ നിർമ്മിച്ചതെന്നും, ചിത്രത്തിന്റെ താഴെ വലതുഭാഗത്തായി ജെമിനിയുടെ ലോഗോ വ്യക്തമായി കാണാമെന്നും പെൺകുട്ടി തിരിച്ചറിഞ്ഞു.

സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് നടത്തിയ ഈ ഡിജിറ്റൽ തട്ടിപ്പിന്റെ തെളിവുകൾ ഗോർ ഉടൻ തന്നെ ലിഫ്റ്റ് കമ്പനിക്ക് കൈമാറി. ചിത്രം വ്യാജമാണെന്ന് ബോധ്യപ്പെട്ടതോടെ കമ്പനി അധികൃതർ ഗോറിനോട് ക്ഷമാപണം നടത്തുകയും പണം തിരികെ നൽകുകയും ചെയ്തു. ഉപഭോക്താക്കളെ വഞ്ചിക്കാൻ ശ്രമിച്ച ഡ്രൈവർക്കെതിരെ കർശന നടപടിയുടെ ഭാഗമായാണ് പ്ലാറ്റ്‌ഫോമിൽ നിന്നും എന്നെന്നേക്കുമായി പുറത്താക്കിയത്.