ദുബായിൽ ഇനി കുടിവെള്ളത്തിന്റെ ഗുണനിലവാരം എ.ഐ പരിശോധിക്കും
വീടുകളിലെയും വിവിധ സ്ഥാപനങ്ങളിലെയും കുടിവെള്ളത്തിന്റെ ഗുണനിലവാരം അതിവേഗത്തിൽ പരിശോധിക്കുന്നതിനായി നിർമ്മിതബുദ്ധി (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് ദുബായ് മുനിസിപ്പാലിറ്റി. ദുബായ് സെൻട്രൽ ലബോറട്ടറിയുടെ നേതൃത്വത്തിലാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്.
വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ‘ഇ.കോളി’, ‘ലെജിയോനെല്ല’ തുടങ്ങിയ അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യം പരമ്പരാഗത രീതികളേക്കാൾ വേഗത്തിൽ കണ്ടെത്താൻ ഈ സാങ്കേതികവിദ്യ വഴി സാധിക്കും. പരിശോധനാ ഫലങ്ങൾ ഡിജിറ്റലായി തൽസമയം ലഭ്യമാകുന്നതിനാൽ ജലത്തിൽ അപാകതകൾ കണ്ടെത്തിയാൽ അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കാനും സാധിക്കും.
വീടുകളിലെ വാട്ടർ ടാങ്കുകൾ, കുടിവെള്ള പൈപ്പുകൾ, നീന്തൽക്കുളങ്ങൾ, പാക്കറ്റിലല്ലാത്ത കുടിവെള്ള സ്രോതസ്സുകൾ എന്നിവയെല്ലാം പുതിയ പരിശോധനയുടെ പരിധിയിൽ വരും. ബാക്ടീരിയകളുടെ സാന്നിധ്യം നേരത്തെ കണ്ടെത്തി നിർവീര്യമാക്കുന്നതിലൂടെ മലിനജലം മൂലമുണ്ടാകുന്ന രോഗങ്ങൾ തടയാൻ സാധിക്കുമെന്ന് ദുബായ് സെൻട്രൽ ലബോറട്ടറി വിഭാഗം ഡയറക്ടർ ഹിന്ദ് മഹ്മൂദ് അഹമ്മദ് പറഞ്ഞു. വീടുകൾക്ക് പുറമെ ഹോട്ടലുകൾ, വിനോദകേന്ദ്രങ്ങൾ, പൊതുസ്ഥാപനങ്ങൾ എന്നിവയ്ക്കും ഈ സേവനം ഏറെ പ്രയോജനപ്പെടും.