അബൂദബിയിൽ ട്രാഫിക് നിയന്ത്രിക്കാൻ എ.ഐ

 

ട്രാഫിക് നിയന്ത്രണത്തിന് അബൂദബിയിൽ നിർമിത ബുദ്ധി (എ.ഐ) സംവിധാനം സജ്ജമാക്കുന്നു. ശൈഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിലേക്ക് പ്രവേശിക്കുന്ന ഏഴ് പ്രധാന പ്രവേശന കവാടങ്ങളിൽ സ്മാർട്ട് ട്രാഫിക് ലൈറ്റ് സംവിധാനം ഏർപ്പെടുത്തുമെന്ന് അബൂദബിയിലെ സംയോജിത ഗതാഗത സെന്റർ (ഐ.ടി.സി) അറിയിച്ചു. എമിറേറ്റിലെ റോഡുകളിൽ അതാതു സമയത്തെ ഗതാഗത നീക്കം എ.ഐ കാമറകളിലൂടെയും സെൻസറുകളിലൂടെയും നിരീക്ഷിച്ച് ട്രാഫിക് തിരക്കനുസരിച്ച് ട്രാഫിക് സിഗ്‌നൽ സമയം ഓട്ടോമാറ്റിക് ആയി ക്രമീകരിക്കുന്നതാണ് പുതിയ സംവിധാനം. ആഗോള തലത്തിൽ ഈ സംവിധാനം ഉപയോഗപ്പെടുത്തുന്ന ആദ്യ നഗരമാണ് അബൂദബി

തിരക്കേറിയ സമയങ്ങളിൽ റോഡിലേക്ക് വാഹനങ്ങൾ കടക്കുന്നതിന് എ.ഐ ട്രാഫിക് സിഗ്‌നൽ സംവിധാനം പരിമിതി വയ്ക്കും. തിരക്ക് കുറഞ്ഞ സമയങ്ങളിൽ കൂടുതൽ വാഹനങ്ങൾ കടത്തിവിടുകയും ചെയ്യും.തിരക്ക് കൂടിയാൽ മാത്രമേ ഈ സംവിധാനം ആക്ടിവേറ്റ് ചെയ്യൂ എന്ന് അബൂദബി മൊബിലിറ്റി അറിയിച്ചു. . പുതിയ സംവിധാനത്തിലൂടെ വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കുക മാത്രമല്ല, റോഡുകളുടെ മൊത്തത്തിലുള്ള കാര്യക്ഷമത മെച്ചപ്പെടുത്താനും സാധിക്കുമെന്ന് അധികൃതർ അറിയിച്ചു