ഗസ്സയിലേക്ക് സഹായപ്രവാഹം തുടരുന്നു; സൗദി അറേബ്യയുടെ 77-ാമത് വിമാനം ഈജിപ്തിലെത്തി

 

കടുത്ത തണുപ്പും മഴയും മൂലം ദുരിതമനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങൾക്ക് കൈത്താങ്ങായി സൗദി അറേബ്യ കൂടുതൽ മാനുഷിക സഹായങ്ങൾ എത്തിച്ചു. സഹായസാമഗ്രികളുമായി സൗദിയുടെ 77-ാമത് വിമാനം ഈജിപ്തിലെത്തി. കിങ് സൽമാൻ റിലീഫ് സെന്ററിന്റെ (KSrelief) നേതൃത്വത്തിലാണ് ഭക്ഷണം, മരുന്ന്, പാർപ്പിട സൗകര്യങ്ങൾ എന്നിവ എത്തിക്കുന്നത്.

ഇതുവരെ 77 വിമാനങ്ങളിലും 8 കപ്പലുകളിലുമായി ഏകദേശം 7,677 ടണ്ണിലധികം ഭക്ഷ്യവസ്തുക്കളും മെഡിക്കൽ ഉപകരണങ്ങളും വസ്ത്രങ്ങളും സൗദി കൈമാറിക്കഴിഞ്ഞു. കൂടാതെ, ഫലസ്തീൻ റെഡ് ക്രസന്റിന് ആംബുലൻസുകളും മറ്റ് അവശ്യ ഉപകരണങ്ങളും നൽകി വരുന്നു. അന്താരാഷ്ട്ര സംഘടനകൾ വഴി 90.35 മില്യൺ ഡോളറിന്റെയും, നേരിട്ട് 185 മില്യൺ ഡോളറിന്റെയും സഹായ പദ്ധതികളാണ് സൗദി നടപ്പിലാക്കുന്നത്. അതിർത്തികൾ വഴിയുള്ള വിതരണം ദുഷ്‌കരമായതിനാൽ ജോർദാനുമായി സഹകരിച്ച് വിമാനങ്ങളിൽ നിന്ന് താഴേക്ക് നിക്ഷേപിക്കുന്ന (Air Drop) രീതിയിലും സഹായമെത്തിക്കുന്നുണ്ട്.