റിയാദിലേക്കും ദമ്മാമിലേക്കുമുള്ള എയർ ഇന്ത്യ വിമാനങ്ങൾ നവംബർ 30 വരെ റദ്ദാക്കി; ജിദ്ദ സർവീസുകൾക്ക് നവംബർ 21 വരെ നിയന്ത്രണം
സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ നീട്ടിവെച്ചതായി എയർ ഇന്ത്യ അധികൃതർ അറിയിച്ചു. പുതിയ അറിയിപ്പ് പ്രകാരം എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ നവംബർ 30 വരെയും, ജിദ്ദയിലേക്കും തിരിച്ചുമുള്ള സർവീസുകൾ നവംബർ 21 വരെയും റദ്ദാക്കിയിട്ടുണ്ട്.
2026 നവംബർ 10-നോ അതിന് മുമ്പോ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് സൗജന്യമായി യാത്രാ തീയതി മാറ്റാനോ ടിക്കറ്റ് റദ്ദാക്കി മുഴുവൻ തുകയും റീഫണ്ട് ആയി തിരിച്ചുവാങ്ങാനോ അവസരമുണ്ട്. റിയാദ്, ദമ്മാം യാത്രക്കാർക്ക് ഡിസംബർ 14 വരെയും ജിദ്ദ യാത്രക്കാർക്ക് ഡിസംബർ 5 വരെയും സീറ്റുകളുടെ ലഭ്യതയ്ക്കനുസരിച്ച് യാത്ര പുനഃക്രമീകരിക്കാം. എയർ ഇന്ത്യ യാത്രക്കാർക്ക് സൗദിയിലെ സർവീസ് നിലവിലുള്ള മറ്റ് സ്റ്റേഷനുകളിലേക്കും, എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് സൗദി സ്റ്റേഷനുകൾക്ക് പുറമെ ബഹ്റൈനിലേക്കും തിരിച്ചുമുള്ള യാത്രയും പുനഃക്രമീകരിക്കാൻ സാധിക്കും.
യാത്രാ തീയതി മാറ്റുന്നതിനും റീഫണ്ട് സംബന്ധമായ സഹായങ്ങൾക്കുമായി എയർ ഇന്ത്യ യാത്രക്കാർക്ക് +91 11 69329333, +91 11 69329999 എന്നീ നമ്പറുകളിലും, എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് +91 124 6935600 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. കൂടാതെ നഗരങ്ങളിലെ ബുക്കിങ് ഓഫീസുകൾ വഴിയും സേവനങ്ങൾ ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കി.