എയർ ഇന്ത്യ എക്സ്പ്രസ് സലാല-കോഴിക്കോട് സർവിസ് ജൂലൈ രണ്ട് മുതൽ
ഒമാന്റെ ഒട്ടനവധി പ്രവാസി മലയാളികൾക്ക് ആശ്വാസമേകി എയർ ഇന്ത്യ എക്സ്പ്രസ് സലാലയിൽ നിന്നും കോഴിക്കോട്ടേക്കുള്ള വിമാന സർവിസുകൾ പുനരാരംഭിക്കുന്നു. കമ്പനി പുറത്തിറക്കിയ ജൂലൈ മാസത്തെ പുതിയ ഷെഡ്യൂളിലാണ് കോഴിക്കോട്ടേക്കുള്ള സർവിസുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂലൈ രണ്ട് മുതൽ ആഴ്ചയിൽ രണ്ട് ദിവസങ്ങളിലാണ് ഈ സർവിസ് ലഭ്യമാകുക. അതേസമയം, സലാലയിൽനിന്ന് കൊച്ചിയിലേക്കുള്ള സർവിസുകൾ ജൂലൈ മാസത്തെ ഷെഡ്യൂളിൽ പ്രഖ്യാപിച്ചിട്ടില്ല.
ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ 11:00-ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ് പ്രസ് (IX 311) ഉച്ചക്ക് 1:05-ന് സലാലയിലെത്തും. തിരിച്ച് സലാലയിൽനിന്ന് കോഴിക്കോട്ടേക്ക് ഉച്ചക്ക് 2:15-ന് പുറപ്പെട്ട് രാത്രി 7:45-ന് കോഴിക്കോടെത്തും. ഒമാനിലെ സ്കൂൾ വേനലവധിക്കാലമായിട്ടും സലാലയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകൾ അകാരണമായി റദ്ദാക്കിയിരുന്നത് കുടുംബങ്ങളടക്കമുള്ള നിരവധി പ്രവാസികളെ കടുത്ത യാത്രാ ദുരിതത്തിലാക്കിയിരുന്നു. ഇതിനാണ് ഇപ്പോൾ താൽക്കാലിക പരിഹാരമായിരിക്കുന്നത്.
നിലവിൽ ഒമാന്റെ തലസ്ഥാനമായ മസ്കത്തിൽനിന്ന് കോഴിക്കോട്, കൊച്ചി, കണ്ണൂർ, തിരുവനന്തപുരം എന്നീ നഗരങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് നടത്തുന്നുണ്ട്. മുൻപ് സലാലയിൽനിന്ന് കോഴിക്കോട്ടേക്ക് ആഴ്ചയിൽ രണ്ടും കൊച്ചിയിലേക്ക് ഒരു സർവിസുമാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തിയിരുന്നത്. കൊച്ചി സർവിസ് കൂടി ഉടൻ പുനരാരംഭിക്കണമെന്നാണ് സലാലയിലെ മലയാളി പ്രവാസികളുടെ ആവശ്യം.