സൗദി സർവീസുകൾ ഇന്ന് രാത്രി വരെ റദ്ദാക്കി എയർ ഇന്ത്യ; പ്രവാസികളെ എത്തിക്കാൻ പ്രത്യേക വിമാനങ്ങൾ, മസ്‌കത്തിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചു
പശ്ചിമേഷ്യയിൽ സംഘർഷം ശക്തമായ പശ്ചാത്തലത്തിൽ സൗദി അറേബ്യയുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും മാറ്റം വരുത്തി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള എല്ലാ ഷെഡ്യൂൾഡ് സർവീസുകളും ഇന്ന് (മാർച്ച് 4) അർദ്ധരാത്രി വരെ താത്കാലികമായി റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. സൗദിയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് ഈ നിയന്ത്രണം ബാധകമാണ്. അതേസമയം, ജിദ്ദയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി 350 സീറ്റുകളുള്ള ബോയിങ് 777 വിമാനങ്ങൾ ഉപയോഗിച്ചുള്ള പ്രത്യേക രക്ഷാദൗത്യ സർവീസുകൾ എയർ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.
യുഎഇയിലേക്കുള്ള യാത്രക്കാർക്കായി മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നും പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഇതിനിടെ, ഒമാനിലെ മസ്‌കത്തിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ എക്‌സ്പ്രസ് ഭാഗികമായി പുനരാരംഭിച്ചത് പ്രവാസികൾക്ക് വലിയ ആശ്വാസമായി. മസ്‌കറ്റിൽ നിന്ന് കൊച്ചി, കോഴിക്കോട് ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് വിമാനങ്ങൾ പറന്നുതുടങ്ങിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ യാത്ര റദ്ദാക്കേണ്ടി വന്നവർക്കും തീയതി മാറ്റുന്നവർക്കും എയർ ഇന്ത്യ പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഫെബ്രുവരി 28-ന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മാർച്ച് 5 വരെയുള്ള യാത്രകൾക്ക് അധിക നിരക്ക് ഈടാക്കാതെ തീയതി മാറ്റാൻ സാധിക്കും. യാത്ര പൂർണ്ണമായും റദ്ദാക്കാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റ് തുക മുഴുവനായി റീഫണ്ട് നൽകുമെന്നും കമ്പനി വ്യക്തമാക്കി. ഗൾഫ് മേഖലയിലെ സംഘർഷം വിമാന സർവീസുകളെ ബാധിച്ചതോടെ ആയിരക്കണക്കിന് പ്രവാസികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. എയർലൈനുകളുടെ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി വിവരങ്ങൾ ഉറപ്പുവരുത്തിയ ശേഷം മാത്രം വിമാനത്താവളങ്ങളിലേക്ക് തിരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.