കുവൈത്തിൽ വ്യോമഗതാഗതം സാധാരണ നിലയിലായി; വ്യോമാതിർത്തി വീണ്ടും തുറന്നു

 

താൽക്കാലികമായി അടച്ചിട്ടിരുന്ന കുവൈത്ത് വ്യോമാതിർത്തി വീണ്ടും തുറന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. ഇതോടെ രാജ്യത്തെ വ്യോമഗതാഗതം പൂർണ്ണമായും സാധാരണ നിലയിലായി. അടിയന്തര മുൻകരുതൽ നടപടികൾ ആവശ്യമായിരുന്ന സാഹചര്യം മാറിയ പശ്ചാത്തലത്തിലാണ് വിമാന സർവീസുകൾ പുനരാരംഭിക്കാൻ അധികൃതർ തീരുമാനിച്ചത്. നിലവിൽ യാത്രക്കാർക്ക് യാത്രാ തടസ്സങ്ങളൊന്നും ഇല്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഇറാൻ ആക്രമണ ഭീഷണിയെയും സുരക്ഷാ മുൻകരുതലുകളെയും തുടർന്ന് ഇന്ന് പുലർച്ചെ 4:50 മുതലായിരുന്നു കുവൈത്ത് വ്യോമാതിർത്തി താൽക്കാലികമായി അടച്ചിട്ടത്. വ്യോമപാത വീണ്ടും തുറന്നുവെങ്കിലും സുരക്ഷ ഉറപ്പാക്കുന്നതിനായി നിലവിലെ സ്ഥിതിഗതികൾ 24 മണിക്കൂറും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് സിവിൽ ഏവിയേഷൻ വകുപ്പ് അറിയിച്ചു. രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്ന് കുവൈത്ത് ആർമിയും അഭ്യർത്ഥിച്ചിട്ടുണ്ട്.