തുടർച്ചയായി രണ്ടാം ദിവസവും കുവൈത്തിൽ വ്യോമാക്രമണ ശ്രമം; മിസൈലുകളും ഡ്രോണുകളും തകർത്ത് വ്യോമപ്രതിരോധ സേന
കുവൈത്തിനെതിരെ തുടർച്ചയായി രണ്ടാം ദിവസവും വ്യോമാക്രമണ ശ്രമം. ആക്രമണ ഭീഷണിയെ തുടർന്ന് രാജ്യവ്യാപകമായി അപകട മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. എന്നാൽ, രാജ്യത്തിന് നേരെ വന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ കുവൈത്ത് വ്യോമ പ്രതിരോധ സേന വിജയകരമായി പ്രതിരോധിച്ചതായി കുവൈത്ത് ആർമി ഔദ്യോഗികമായി അറിയിച്ചു.
വ്യോമാക്രമണങ്ങൾ ആകാശത്തുവെച്ച് തന്നെ തകർത്തതിന്റെ ഭാഗമായാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതെന്ന് അധികൃതർ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ പൊതുജനങ്ങൾ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും, തെറ്റായ പ്രചാരണങ്ങളിൽ വീഴാതെ ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
ആകാശത്തുവെച്ച് തകർത്ത മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ വീണുകിടക്കുന്ന സ്ഥലങ്ങളിലേക്ക് പൊതുജനങ്ങൾ പോകരുതെന്ന് ആർമി ജനറൽ സ്റ്റാഫ് പൗരന്മാർക്കും പ്രവാസികൾക്കും കനത്ത നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുസുരക്ഷ മുൻനിർത്തി ഇത്തരം അവശിഷ്ടങ്ങളുടെ ചിത്രങ്ങൾ പകർത്തുന്നതും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതും പൂർണ്ണമായും ഒഴിവാക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.