നിർമ്മിത ബുദ്ധിയിൽ ഗവേഷണ ബിരുദം ആരംഭിച്ച് അജ്‌മാൻ യൂണിവേഴ്സിറ്റി; യുഎഇയുടെ എഐ ലക്ഷ്യങ്ങൾക്ക് കരുത്തേകും

 

അതിവേഗം വളർന്നുവരുന്ന നിർമ്മിത ബുദ്ധി (AI) മേഖലയിൽ പുതിയ പിഎച്ച്ഡി പ്രോഗ്രാം ആരംഭിച്ചതായി അജ്‌മാൻ യൂണിവേഴ്സിറ്റി അറിയിച്ചു. എൻജിനീയറിങ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കോളജിന് കീഴിലാണ് ഗവേഷണാധിഷ്ഠിതമായ ഈ കോഴ്‌സ് സംഘടിപ്പിക്കുന്നത്. ലോകത്തിലെ മുൻനിര പണ്ഡിതന്മാരുടെ മാർഗനിർദേശത്തിൽ നടക്കുന്ന ഈ ഗവേഷണ പ്രോഗ്രാം, യുഎഇയുടെ 'എഐ സ്ട്രാറ്റജി 2031' ലക്ഷ്യങ്ങളോട് യോജിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ക്യുഎസ് സബ്ജക്ട് റാങ്കിങ്‌സ് 2025 പട്ടിക പ്രകാരം ഡാറ്റ സയൻസ്, എഐ മേഖലകളിൽ യുഎഇയിൽ ഒന്നാം സ്ഥാനത്താണ് അജ്‌മാൻ യൂണിവേഴ്സിറ്റി. ആഗോളതലത്തിൽ 51–100 റാങ്കിനുള്ളിൽ ഇടംപിടിച്ച സർവ്വകലാശാലയുടെ പുതിയ നീക്കം വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരും. ആരോഗ്യസംരക്ഷണം, സ്മാർട്ട് സിറ്റികൾ, സൈബർ സുരക്ഷ, ഫിൻടെക് തുടങ്ങിയ സുപ്രധാന മേഖലകളിൽ ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ കോഴ്സിലൂടെ ലക്ഷ്യമിടുന്നത്.

യുഎഇയുടെ അക്കാദമിക് അക്രഡിറ്റേഷൻ കമ്മീഷന്റെ (CAA) അംഗീകാരം ലഭിച്ച ഈ പ്രോഗ്രാം, രാജ്യത്തെ നിർമ്മിത ബുദ്ധി ഗവേഷണങ്ങൾക്ക് പുതിയ ദിശാബോധം നൽകും. ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഗവേഷകരെ വാർത്തെടുക്കുന്നതിനൊപ്പം സാങ്കേതിക വിദ്യയുടെ വിവിധ മേഖലകളിൽ നൂതനമായ മാറ്റങ്ങൾ കൊണ്ടുവരാനും അജ്‌മാൻ യൂണിവേഴ്സിറ്റി ഇതിലൂടെ ലക്ഷ്യമിടുന്നു. ഉയർന്ന നിലവാരമുള്ള ലാബുകളും മറ്റ് ഗവേഷണ സൗകര്യങ്ങളും വിദ്യാർത്ഥികൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.