ജിദ്ദയിൽ നിന്ന് നിശ്ചിത സർവീസുമായി ആകാശ എയർ; റിയാദ് സർവീസുകൾ നിർത്തിവെച്ചത് തുടരും

 

പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് സർവീസുകളിൽ മാറ്റം വരുത്തി ആകാശ എയർ. ജിദ്ദയിൽ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളായ അഹമ്മദാബാദ്, ബെംഗളൂരു, മുംബൈ, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് നിശ്ചിത സർവീസുകൾ നടത്തുമെന്ന് എയർലൈൻ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ റിയാദിലേക്കും തിരിച്ചുമുള്ള സർവീസുകൾ നിർത്തിവെച്ചത് മാർച്ച് 17 വരെ തുടരും.

അബൂദബി, ദോഹ, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ മാർച്ച് 19 വരെയും റദ്ദാക്കിയിട്ടുണ്ട്. ഈ നഗരങ്ങളിലേക്ക് ബുക്ക് ചെയ്ത യാത്രക്കാർക്കായി പ്രത്യേക ഇളവുകളും ആകാശ എയർ പ്രഖ്യാപിച്ചു. മാർച്ച് 31 വരെയുള്ള യാത്രകൾക്ക് റദ്ദാക്കൽ അല്ലെങ്കിൽ പുനഃക്രമീകരണ ചാർജുകൾ ഈടാക്കില്ല. യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ടായി ലഭിക്കും. ഏഴ് ദിവസത്തിനുള്ളിൽ തുക അക്കൗണ്ടിൽ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. അല്ലെങ്കിൽ അധിക ചെലവില്ലാതെ യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റാനും സാധിക്കും.

യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപ് ആകാശ എയറിന്റെ വെബ്‌സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് നിർദ്ദേശമുണ്ട്. കൂടുതൽ സഹായത്തിനായി +91 9606112131 എന്ന 24 മണിക്കൂർ കെയർ സെന്റർ നമ്പറിൽ ബന്ധപ്പെടാം. സുരക്ഷാ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ സർവീസുകളിൽ മാറ്റം വന്നേക്കാമെന്നും യാത്രക്കാർ അവരുടെ യാത്രാ പ്ലാനുകളിൽ ജാഗ്രത പാലിക്കണമെന്നും എയർലൈൻ അധികൃതർ വ്യക്തമാക്കി.