അത്യാധുനിക സൗകര്യങ്ങളോടെ അൽ ഐനിൽ അൽ റീഫ് പാർക്ക് തുറന്നു

 

അൽ ഐൻ നഗരസഭയുടെ കീഴിൽ അത്യാധുനിക കായിക-വിനോദ സൗകര്യങ്ങളോടെ നിർമിച്ച അൽ റീഫ് പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. അൽ റീഫ് മേഖലയിൽ 1,19,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഈ വൻകിട പാർക്ക് ഒരുക്കിയിരിക്കുന്നത്. എല്ലാ പ്രായക്കാർക്കും അനുയോജ്യമായ രീതിയിലാണ് പാർക്കിന്റെ രൂപകൽപ്പനയെന്ന് നഗരസഭാ പ്രൊജക്ട് ഇംപ്ലിമെന്റേഷൻ ഡയറക്ടർ സ്വാലിഹ് അൽ അരിയാനി അറിയിച്ചു.

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി ഫുട്ബോൾ പിച്ച്, വോളിബാൾ കോർട്ട്, രണ്ട് മൾട്ടി പർപ്പസ് കോർട്ടുകൾ എന്നിവ പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ കുട്ടികൾക്കായി രണ്ട് കളിസ്ഥലങ്ങളും ഏഴ് ഫിറ്റ്നസ് സോണുകളുമുണ്ട്. മുതിർന്നവർക്കും കുട്ടികൾക്കുമായി പ്രത്യേക സൈക്ലിങ് ട്രാക്കുകളും 1.4 കിലോമീറ്റർ നീളമുള്ള വാക്കിങ് ട്രാക്കും ഇവിടെ ഒരുക്കിയിരിക്കുന്നു.

വിവിധ പരിപാടികൾ നടത്താൻ സാധിക്കുന്ന തിയേറ്റർ, ഇരിപ്പിടങ്ങൾ, കഫേ, പ്രാർത്ഥനാ മുറികൾ, ശൗചാലയങ്ങൾ എന്നിവയും പാർക്കിലുണ്ട്. കുടുംബങ്ങൾക്ക് സുരക്ഷിതമായി ഒത്തുചേരാൻ അനുയോജ്യമായ അന്തരീക്ഷമാണ് ഇവിടെയുള്ളതെന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കി.