അല്‍ ഐനില്‍ 'അല്‍ ശബഹത്ത്' പാർക്ക് തുറന്നു; അല്‍ സറൂജ് മേഖലയിലെ ആദ്യ പൊതു പാർക്ക്

 

അല്‍ ഐന്‍ സിറ്റി മുനിസിപ്പാലിറ്റിയുടെ കീഴില്‍ അല്‍ സറൂജ് മേഖലയിലെ ആദ്യത്തെ പൊതു പാർക്കായ 'അല്‍ ശബഹത്ത്' (Al Shabahath Park) പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കി. പ്രദേശവാസികള്‍ക്കായി സജ്ജമാക്കുന്ന ആദ്യത്തെ സമഗ്ര വിനോദ കേന്ദ്രമാണിത്. നേരത്തെ ചെറിയ രീതിയിലുണ്ടായിരുന്ന ഇടത്തെ ആധുനികമായ മള്‍ട്ടി-ആക്റ്റിവിറ്റി സംവിധാനങ്ങളോടെ മാറ്റിയെടുത്താണ് പാർക്ക് യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. ഏകദേശം 8,550 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഈ വലിയ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

എല്ലാ പ്രായക്കാര്‍ക്കും അനുയോജ്യമായ രീതിയില്‍ 180 മീറ്റർ നീളമുള്ള നടപ്പാതയും വിവിധ വ്യായാമ കേന്ദ്രങ്ങളും പാർക്കിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്കും സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ് പാർക്കിന്റെ രൂപകല്‍പ്പന എന്നത് ശ്രദ്ധേയമാണ്.

പാർക്കിന്റെ 3,220 ചതുരശ്ര മീറ്റർ ഭാഗത്ത് പ്രകൃതി സൗന്ദര്യം നിലനിര്‍ത്തുന്നതിനായി 210 മരങ്ങളും ആയിരക്കണക്കിന് ചെടികളും വൈവിധ്യമാർന്ന പൂക്കളും നട്ടുപിടിപ്പിച്ചിട്ടുണ്ട്.