ഓർമകളുടെ ആൽബം; ശൈഖ് മുഹമ്മദിന് യു.എ.ഇ പ്രസിഡന്റിന്റെ സ്നേഹസമ്മാനം
ഭരണനേതൃത്വത്തിൽ രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കിയ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സവിശേഷമായ ഉപഹാരം നൽകി. ഇരുവരും ഒന്നിച്ചുള്ള സുപ്രധാന നിമിഷങ്ങൾ കോർത്തിണക്കിയ ഫോട്ടോ ആൽബമാണ് പ്രസിഡന്റ് സമ്മാനിച്ചത്. അബുദാബി ഖസർ അൽ ബഹ്‌റിൽ നടന്ന കൂടിക്കാഴ്ചയിലായിരുന്നു പ്രിയ സഹോദരന് പ്രസിഡന്റിന്റെ ഈ സ്നേഹസമ്മാനം.
പ്രസിഡന്റിന്റെ സ്വന്തം ഒപ്പും ഹൃദയസ്പർശിയായ സന്ദേശവും അടങ്ങിയതാണ് ഈ ആൽബം. ശൈഖ് മുഹമ്മദ് ബിൻ റാശിദിന്റെ അസാധാരണമായ നേതൃപാടവത്തെയും അദ്ദേഹം രാജ്യത്തിന് നൽകിയ പ്രചോദനാത്മകമായ സേവനങ്ങളെയും പ്രസിഡന്റ് സന്ദേശത്തിൽ പ്രകീർത്തിച്ചു. "യു.എ.ഇയുടെ സേവനത്തിനായുള്ള നമ്മുടെ ഒരുമിച്ചുള്ള യാത്രയിലെ അഭിമാന നിമിഷങ്ങൾ രേഖപ്പെടുത്തുന്ന ഈ ആൽബം എന്റെ സഹോദരനും ആജീവനാന്ത സഹപ്രവർത്തകനുമായ നിങ്ങൾക്ക് സമർപ്പിക്കുന്നു" എന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് കുറിച്ചു. ഭരണതലത്തിലെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
2006 ജനുവരി 4-ന് സഹോദരൻ ശൈഖ് മക്തൂം ബിൻ റാശിദിന്റെ നിര്യാണത്തെത്തുടർന്നാണ് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ഭരണമേറ്റെടുത്തത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ യു.എ.ഇ കൈവരിച്ച വിസ്മയകരമായ പുരോഗതിയിൽ അദ്ദേഹത്തിന്റെ ദീർഘവീക്ഷണം വലിയ പങ്കുവഹിച്ചു. ഭരണാധികാരത്തിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ അദ്ദേഹത്തിന് ആശംസകൾ നേർന്നിരുന്നു.