ഖത്തറിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വാരാന്ത്യം വരെ അവധി

 

മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഖത്തറിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വാരാന്ത്യം വരെ അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രാലയമാണ് ബുധനാഴ്ച പുലർച്ചെ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ മിഡ്-ടേം പരീക്ഷകൾക്ക് ശേഷം സർക്കാർ സ്കൂളുകൾക്ക് ഏപ്രിൽ 22, 23 തീയതികളിൽ അവധി നിശ്ചയിച്ചിരുന്നുവെങ്കിലും, നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഈ ആഴ്ച മുഴുവൻ അവധി നൽകാൻ തീരുമാനിച്ചത്.

വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ അടിയന്തര തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ചയും രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു. മേഖലയിലെ സംഘർഷ സാഹചര്യങ്ങൾ വിമാന സർവീസുകളെയും മറ്റും ബാധിച്ച പശ്ചാത്തലത്തിൽ, പൊതുജനങ്ങളുടെ സുരക്ഷയ്ക്കാണ് ഖത്തർ മുൻഗണന നൽകുന്നത്.

വാരാന്ത്യം വരെ അവധി പ്രഖ്യാപിച്ചതോടെ വിദ്യാലയങ്ങൾ ഞായറാഴ്ചയോടെ മാത്രമേ വീണ്ടും തുറന്നു പ്രവർത്തിക്കുകയുള്ളൂ. വിദ്യാർത്ഥികളും രക്ഷിതാക്കളും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.