സൈബർ ആക്രമണ ഭീതിയെത്തുടർന്ന് അവശ്യസാധനങ്ങൾ വൻതോതിൽ വാങ്ങിക്കൂട്ടി അമേരിക്കക്കാർ
സൈബർ ആക്രമണ ഭീതിയെത്തുടർന്ന് അവശ്യസാധനങ്ങൾ വൻതോതിൽ വാങ്ങിക്കൂട്ടി അമേരിക്കക്കാർ. തുടർച്ചയായി വിവിധ മേഖലകളിൽ സാങ്കേതികതടസ്സങ്ങൾ ഉണ്ടായതിനെത്തുടർന്ന് രാജ്യവ്യാപകമായി സൈബർ ആക്രമണം നടക്കുന്നുണ്ടെന്ന ഭീതിയിലാണ് അടിയന്തര സാധനങ്ങൾ ജനങ്ങൾ വൻതോതിൽ വാങ്ങി സൂക്ഷിക്കാൻ തുടങ്ങിയത്. ബാങ്കിങ് സേവനങ്ങൾ, വിമാന സർവീസുകൾ, പ്രമുഖ ടെക് കമ്പനികളുടെ സേവനങ്ങൾ എന്നിവ തടസ്സപ്പെട്ടതോടെയാണ് ജനങ്ങൾക്കിടയിൽ ആശങ്ക പടർന്നത്.
കഴിഞ്ഞ ആഴ്ച മൈക്രോസോഫ്റ്റ് ഔട്ട്ലുക്ക് സേവനങ്ങൾ തടസ്സപ്പെട്ടതോടെയാണ് സാങ്കേതിക തകരാറുകൾ ആരംഭിച്ചത്. തൊട്ടടുത്തദിവസം എയർ ട്രാഫിക് കൺട്രോളിലുണ്ടായ തകരാറിനെത്തുടർന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ രാജ്യത്തുടനീളം വിമാനങ്ങൾ നിലത്തിറക്കാൻ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ചേസ് ഉൾപ്പെടെയുള്ള പ്രമുഖ ബാങ്കുകളുടെ സേവനങ്ങളിലും തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തു. യുണൈറ്റഡ് എയർലൈൻസിന്റെ സാങ്കേതിക സംവിധാനങ്ങളെയും ആപ്പിൾ സേവനങ്ങളെയും ഈ തടസ്സം ബാധിച്ചു.
ഈ സംഭവങ്ങളൊന്നും സൈബർ ആക്രമണം മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ, ചുരുങ്ങിയ സമയത്തിനുള്ളിൽ ഇവ ഒരുമിച്ച് സംഭവിച്ചത് ഇവ തമ്മിൽ ബന്ധമുണ്ടോ എന്ന സംശയത്തിനും ജനങ്ങളുടെ പരിഭ്രാന്തിക്കും കാരണമായി. ഇതോടെ ഭക്ഷണസാധനങ്ങളും മറ്റ് അടിയന്തര അവശ്യവസ്തുക്കളും വാങ്ങിക്കൂട്ടാനും സാമ്പത്തിക കാര്യങ്ങൾ സുരക്ഷിതമാക്കാനും ജനങ്ങൾ തിടുക്കം കാട്ടി.