അമീർ കപ്പ് ഫൈനൽ: ഖലീഫ സ്റ്റേഡിയം പരിസരത്ത് ഗതാഗത നിയന്ത്രണം; മെട്രോലിങ്ക് സർവീസുകളിൽ മാറ്റം
ശനിയാഴ്ച ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിറ്റത്തിൽ നടക്കാനിരിക്കുന്ന അമീർ കപ്പ് ഫൈനൽ മത്സരത്തോടനുബന്ധിച്ച് മെട്രോലിങ്ക് സർവീസുകളിൽ മാറ്റം വരുത്തിയതായി അധികൃതർ അറിയിച്ചു. മത്സരദിവസം സ്റ്റേഡിയം പരിസരത്തെ റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിനാലാണ് യാത്രക്കാർക്കായി പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. സ്പോർട് സിറ്റി മെട്രോ സ്റ്റേഷനിൽ നിന്നുള്ള സർവീസുകൾക്ക് പകരമായി യാത്രക്കാർ മറ്റ് സ്റ്റേഷനുകളെ ആശ്രയിക്കേണ്ടി വരും.
പുതുക്കിയ ക്രമീകരണങ്ങൾ പ്രകാരം റൂട്ട് M310 അൽ വാബ് ക്യു.എൽ.എം സ്റ്റേഷനിലെ ഒന്നാം നമ്പർ എക്സിറ്റിൽ നിന്നായിരിക്കും സർവീസ് നടത്തുക. റൂട്ട് M311 അൽ സുഡാൻ ബസ് സ്റ്റേഷനിൽ നിന്നും, റൂട്ട് M317 അൽ വാബ് സ്റ്റേഷനിലെ രണ്ടാം നമ്പർ എക്സിറ്റിൽ നിന്നുമാണ് സർവീസ് ആരംഭിക്കുക. യാത്രാ തടസ്സങ്ങൾ ഒഴിവാക്കാൻ യാത്രക്കാർ ഈ മാറ്റങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
യാത്രക്കാർക്ക് കൂടുതൽ വിവരങ്ങൾക്കായി 'കാർവ ജേർണി പ്ലാന്നർ' ആപ്പ് പരിശോധിക്കാവുന്നതാണ്. സർവീസുകളെ സംബന്ധിച്ച കൂടുതൽ സംശയങ്ങൾക്ക് 44433105 എന്ന വാട്സ്ആപ്പ് നമ്പറിലൂടെ ബന്ധപ്പെടാമെന്നും അധികൃതർ വ്യക്തമാക്കി. ഫൈനൽ മത്സരത്തിനെത്തുന്ന കാണികളുടെ തിരക്ക് കണക്കിലെടുത്ത് സുഗമമായ യാത്ര ഉറപ്പാക്കാനാണ് ഈ നടപടി.