സൗദിയിൽ അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡ് തകർന്നു വീണു; കുട്ടികളടക്കം 26 പേർക്ക് പരിക്ക്

 

സൗദി അറേബ്യയിലെ അബഹയിൽ ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയ അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്ന് വൻ അപകടം. ആകാശത്ത് കറങ്ങുന്ന 'സ്വിങ് ടവർ റൈഡ്' പ്രവർത്തനത്തിനിടയിൽ പെട്ടെന്ന് തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ കുട്ടികളടക്കം 26 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ഉടനടി തന്നെ എല്ലാവരെയും ആശുപത്രികളിൽ എത്തിച്ചു. ഇതിൽ 23 പേരും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. നിലവിൽ മൂന്ന് പേർ മാത്രമാണ് വിദഗ്ധ ചികിത്സയിൽ തുടരുന്നത്.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ അസീർ പ്രവിശ്യാ ഭരണകൂടം പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വേനൽക്കാല അവധിക്കാലത്ത് സൗദിയിൽ ഇത്തരം അമ്യൂസ്‌മെന്റ് പാർക്ക് അപകടങ്ങൾ മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയത്താണ് ത്വാഇഫിലും സമാനമായ രീതിയിൽ അപകടമുണ്ടായത്. അന്ന് ബിഗ് പെൻഡുലം റൈഡ് തകർന്നു വീണ് 23 പേർക്കായിരുന്നു പരിക്കേറ്റത്. അമ്യൂസ്‌മെന്റ് പാർക്കുകളിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കർശനമാക്കണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്.