റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് വന്ന എണ്ണക്കപ്പൽ ഒമാൻ തീരത്ത് താഴ്ന്നു; എണ്ണച്ചോർച്ച തടയാൻ ശ്രമം

 

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയുമായി വന്ന കപ്പൽ ഒമാൻ തീരത്തിന് സമീപം താഴ്ന്നു. എണ്ണച്ചോർച്ച തടയാനുള്ള ശ്രമങ്ങൾക്ക് പ്രതികൂല കാലാവസ്ഥ വൻ തിരിച്ചടിയാകുന്നുണ്ട്. ശക്തമായ കാറ്റും നാലു മീറ്ററിലധികം ഉയരുന്ന കൂറ്റൻ തിരമാലകളും കാരണം കപ്പലിനടുത്തേക്ക് എത്താൻ രക്ഷാപ്രവർത്തകർക്ക് സാധിക്കുന്നില്ല. വിദേശത്ത് നിന്ന് കൂടുതൽ അത്യാധുനിക ഉപകരണങ്ങൾ എത്തിച്ച് കടൽ മലിനീകരണം ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ.

അതിനിടെ കപ്പൽ അപകടത്തിൽപ്പെട്ടതിൽ ദുരൂഹത തുടരുകയാണ്. കപ്പലിൽ തീ പടർന്നതിന്റെ ലക്ഷണങ്ങൾ ഉപഗ്രഹ ചിത്രങ്ങളിൽ കാണാമെങ്കിലും ഇത് ആക്രമണമാണോ എന്നതിൽ വ്യക്തത വന്നിട്ടില്ല. കാമറൂൺ പതാകയുള്ള 'കരോലിൻ ബെസെൻഗി' എന്ന കപ്പലാണ് ജൂൺ 30-ന് താഴാൻ തുടങ്ങിയത്. യെമൻ തീരത്തിന് സമീപത്തുവെച്ച് കപ്പലിൽ സ്ഫോടനം നടന്നതായി മാരിടൈം ഏജൻസികൾ വ്യക്തമാക്കുന്നുണ്ട്.

എട്ട് ലക്ഷം ബാരൽ റഷ്യൻ ക്രൂഡ് ഓയിലുമായി ഏപ്രിലിൽ നൊവൊറൊസിസ്ക് തുറമുഖത്ത് നിന്നാണ് കപ്പൽ ഇന്ത്യയിലേക്ക് പുറപ്പെട്ടത്. മലിനീകരണ നിവാരണ രംഗത്തെ വിദഗ്ധരായ ബ്രിട്ടീഷ് കമ്പനി 'ആബ്രേ'യുടെ (Abral) നേതൃത്വത്തിലാണ് നിലവിൽ എണ്ണ പടരുന്നത് തടയാനുള്ള രക്ഷാപ്രവർത്തനം നടക്കുന്നത്.