രഹസ്യവിവരങ്ങൾ ചോരുമെന്ന ഭീതി; കമ്പനിക്കുള്ളിൽ ചാറ്റ് ജിപിടിയ്ക്ക് വിലക്കുമായി ആപ്പിൾ

 

ഓപ്പൺ എ.ഐയുടെ എ.ഐ. ചാറ്റ് ബോട്ടായ ചാറ്റ് ജി.പി.ടിയും ഗിറ്റ്ഹബ്ബിന്റെ കോ പൈലറ്റും കമ്പനി ഉപകരണങ്ങളിലും നെറ്റ് വർക്കിലും ഉപയോഗിക്കരുതെന്ന് ആപ്പിൾ നിർദേശം നൽകിയതായി റിപ്പോർട്ട്. കമ്പനിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ എ.ഐ. മോഡലുകളെ പരിശീലിപ്പിക്കുന്ന ഡെവലപ്പർമാരുടെ പക്കൽ എത്തിച്ചേരാനിടയുണ്ടെന്ന ആശങ്കയെ തുടർന്നാണ് ഈ നടപടി.

കമ്പനിയുടെ ജീവനക്കാർ ആരും ചാറ്റ് ജി.പി.ടിയോ പുറത്തുനിന്നുള്ള മറ്റ് എ.ഐ. ടൂളുകളോ ഉപയോഗിക്കരുത് എന്നാണ് ആപ്പിൾ നിർദേശം നൽകിയിരിക്കുന്നതെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ആപ്പിളും സ്വന്തം നിലയ്ക്ക് എ.ഐ. ടൂളുകൾ വികസിപ്പിക്കുന്നുണ്ട്. എന്നാൽ അവയുടെ ഉപയോഗം സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. ഒരു ലാംഗ്വേജ് ജനറേറ്റിങ് എഐയുടെ നിർമാണ ജോലികളിലാണ് ആപ്പിളിലെ എ.ഐ. ടീമുകൾ എന്ന് മാർച്ചിൽ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

ആപ്പിളിനെ പോലെ സാംസങും കമ്പനിയ്ക്കുള്ളിൽ ചാറ്റ് ജി.പി.ടിയെ പോലുള്ള എ.ഐ. ടൂളുകൾ വിലക്കിയിട്ടുണ്ടെന്നാണ് വിവരം. സാംസങുമായി ബന്ധപ്പെട്ട സ്വകാര്യ വിവരം ചാറ്റ് ജി.പി.ടിയിലേക്ക് അബദ്ധത്തിൽ ചോർന്നതിന് ശേഷമാണ് സാംസങ് എ.ഐ. ടൂളുകൾക്ക് വിലക്കേർപ്പെടുത്തിയത്. സാംസങും സ്വന്തം എ.ഐ. ടൂൾ വികസിപ്പിക്കുന്നുണ്ട്.