അൽ അഖ്സ പള്ളിയിലെ ഇസ്രായേൽ അതിക്രമം: ശക്തമായ പ്രതിഷേധവുമായി അറബ് രാജ്യങ്ങൾ

 

അൽ അഖ്സ പള്ളിയിൽ ഇസ്രായേൽ തുടരുന്ന പ്രകോപനപരമായ നടപടികളെയും കടന്നുകയറ്റങ്ങളെയും കടുത്ത ഭാഷയിൽ വിമർശിച്ച് അറബ്-മുസ്ലിം രാജ്യങ്ങൾ രംഗത്തെത്തി. ഖത്തർ, സൗദി അറേബ്യ, ഈജിപ്ത്, പാകിസ്താൻ, തുർക്കിയെ, ജോർദാൻ, യു.എ.ഇ, ഇന്തോനേഷ്യ എന്നീ എട്ട് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിലൂടെയാണ് ഇസ്രായേൽ നടപടിയെ അപലപിച്ചത്.

തീവ്ര വലതുപക്ഷ മന്ത്രിമാരുടെ പിന്തുണയോടെ ഇസ്രായേൽ സുരക്ഷാ സേനയുടെ സംരക്ഷണത്തിൽ കുടിയേറ്റക്കാർ അൽ അഖ്സ സമുച്ചയത്തിൽ കടന്നുകയറിയതും പതാക ഉയർത്തിയതും താൽക്കാലിക കൂടാരങ്ങൾ നിർമിച്ചതും അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രിമാർ വ്യക്തമാക്കി. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ പ്രമേയങ്ങളുടെയും പരസ്യമായ ലംഘനമാണ്. അധിനിവിഷ്ട കിഴക്കൻ ജറൂസലമിലെ ചരിത്രപരവും നിയമപരവുമായ പദവി അട്ടിമറിക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നത്.

ജറൂസലമിലെ ഇസ്ലാമിക-ക്രിസ്ത്യൻ പുണ്യകേന്ദ്രങ്ങളിൽ ഇസ്രായേലിന് യാതൊരു പരമാധികാരവുമില്ലെന്നും ആരാധനാ സ്വാതന്ത്ര്യത്തിന്മേലുള്ള വിലക്കുകൾ ഉടനടി നീക്കണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു. പൂർണ്ണമായും മുസ്ലിങ്ങളുടെ ആരാധനാകേന്ദ്രമായ അൽ അഖ്സയുടെ മേൽനോട്ട അധികാരം ജോർദാൻ ഔഖാഫ് മന്ത്രാലയത്തിനാണെന്നും മന്ത്രിമാർ ഓർമിപ്പിച്ചു. മേഖലയിൽ വിദ്വേഷം വളർത്തുന്ന ഇത്തരം നടപടികൾ അവസാനിപ്പിക്കാൻ ഇസ്രായേലിന് മേൽ അന്താരാഷ്ട്ര സമൂഹം സമ്മർദം ചെലുത്തണമെന്നും എട്ടു രാജ്യങ്ങൾ സംയുക്തമായി അഭ്യർത്ഥിച്ചു.